
കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീതാ ഷാജിക്കും കുടുംബത്തിനും പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കളമശേരിയിലെ സമരപന്തലിലെത്തിയാണ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രീതാ ഷാജിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. പ്രശ്നപരിഹാരത്തിനായി സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് നേതാക്കൾ പ്രതികരിച്ചു
കുടിയൊഴിപ്പിക്കില്ലെന്ന സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ആണ് പ്രീതാ ഷാജി രണ്ടാം ഘട്ട നിരാഹാരസമരം തുടങ്ങിയത്.ജപ്തി ഒഴിവാക്കാൻ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു രണ്ടാം ഘട്ട സമരം.ജപ്തി നടപടിയ്ക്കെതിരായ സമരം ന്യായമെന്ന് പ്രതികരിച്ച ഉമ്മൻ ചാണ്ടി പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി.
നിരാഹാരസമരം ഒത്തു തീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസൻ ആവശ്യപ്പെട്ടു. ജപ്തി ഒഴിവാക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രീതാ ഷാജി.
ജപ്തി നടപടിയ്ക്കെതിരെ കഴിഞ്ഞ ഫെബ്രുവരി 15 മുതൽ മാർച്ച് ഏഴുവരെ പ്രീത ഷാജി സമരം നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ബാങ്കുമായി ചർച്ച ചെയ്യാൻ സാവകാശം വേണമെന്ന നിലപാടാണ് നിലവിൽ സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam