
റിയാദ്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് കാര്യമായ തടസ്സം നില്‍ക്കുന്നത് തീവ്രവാദം പറയുന്ന ചിലരാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസികളുടെ സഹകരണം ഉണ്ടായാല്‍ വിമാനത്താവള വികസനം സാധ്യമാകുമെന്നും ഉമ്മന്‍ചാണ്ടി ജിദ്ദയില്‍ പറഞ്ഞു. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉമ്മന്‍ ചാണ്ടിയും കെ.സി ജോസഫും നാട്ടിലേക്ക് മടങ്ങി.
സൗദിയിലെ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, മുന്‍ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫും സന്ദര്‍ശനം നടത്തിയത്. ആവേശകരമായ വരവേല്‍പ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുവര്‍ക്കും നല്‍കിയത്. പ്രവാസികള്‍ക്ക് വേണ്ടി യു.ഡി.എഫ് ചെയ്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി, പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് എന്‍.ഡി.എ, ഇടത് സര്‍ക്കാറുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു ഇരുവരും ഈ പരിപാടികളില്‍.
എയര്‍ കേരള, കരിപ്പൂര്‍ വിമാനത്താവള വികസനം എന്നീ രണ്ടു കാര്യങ്ങളാണ് യു.ഡി.എഫിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതെന്ന് ഉമ്മന്‍ ചാണ്ടി ജിദ്ദയില്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം അനുകൂലിച്ചിട്ടും തീവ്രവാദം പറയുന്ന ചിലരാണ് വികസനത്തിന് തടസ്സം നില്‍ക്കുന്നത്. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് രാഷ്ട്രീയ പിന്തുണ നല്‍കിയാല്‍ സാമ്പത്തിക പിന്തുണ ഉള്‍പ്പെടെ നല്‍കാന്‍ തയ്യാറാണെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ വ്യവസായികള്‍ പറഞ്ഞു.
നിയമലംഘകരായ എല്ലാ ഇന്ത്യക്കാരും സൗദിയില്‍ നിലവിലുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. സാമൂഹിക-ജീവകാരുണ്യരംഗങ്ങളില്‍ ഒ.ഐ.സി.സിയുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചു. ഓ.ഐ.സി.സി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സൗദി പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സംബന്ധിച്ചു. ജിദ്ദയില്‍ നിന്നും സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉമ്മന്‍ ചാണ്ടിയും കെ.സി.ജോസഫും നാട്ടിലേക്ക് മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam