
കൊച്ചി: കലിത്തുള്ളി പെയ്യുന്ന കാലവര്‍ഷം നാടിനെ മുടിക്കുമ്പോള്‍ കാലവര്‍ഷക്കെടുതി നേരിടാന്‍ ഓപ്പറേഷന്‍ 'മദദ്'മായി നാവിക സേന. ഇടുക്കിയിലെ ചെറുതോണി ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറന്നത് വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. കൂടാതെ, കനത്ത മഴയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വയനാട്. കോഴിക്കോട് ജില്ലകളിലും മധ്യകേരളത്തിലും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.
ആ സാഹചര്യത്തിലാണ് മദദ് എന്ന പേരില്‍ നാവിക സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വയനാട്ടില്‍ സ്ഥിതിഗതികള്‍ ഏറെ മോശമായതോടെ ഡെപ്യൂട്ടി കളക്ടറുടെ ആവശ്യപ്രകാരം ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. വയനാട്, കല്‍പ്പറ്റ, പനമരം പ്രദേശങ്ങളില്‍ നിന്ന് 55 പേരെ നാവിക സേനയുടെ ജെമിനി ബോട്ടില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം എല്ലാവിധ രക്ഷാ ഉപകരണങ്ങളുമായി ഒരു ഹെലികോപ്ടറും വയനാട്ടില്‍ വ്യോമ നിരീക്ഷണം നടത്തി. കൂടാതെ, നാലു ഡൈവിംഗ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. ഇടുക്കിയിലെ ചെറുതോണി, ഇടമലയാര്‍ എന്നീ അണക്കെട്ടുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ എറണാകുളം ജില്ലയിലെ ആലുവ, കാലടി, അങ്കമാലി എന്നിവടങ്ങളില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
100 അംഗ സംഘം കൊച്ചിയിലും 50 അംഗ സംഘം കളമശേരിയിലും ഏത് സാഹചര്യവും നേരിടാന്‍ തയാറാണ്. സേനാംഗങ്ങളെ കൂടാതെ ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘവും സഹായത്തിനായുണ്ട്. ദുരിത ബാധിതര്‍ക്കും ഒറ്റപ്പെട്ട് പോകുന്നവര്‍ക്കും ഭക്ഷണവിതരണം ചെയ്യാനും നാവിക സേനയുടെ സംവിധാനങ്ങളുണ്ട്. അഞ്ചു പേരടങ്ങുന്ന മുങ്ങല്‍ വിദഗധരുടെ അഞ്ചു സംഘങ്ങളും ആലുവയില്‍ തയാറായിട്ടുണ്ട്. ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഇവരുടെ സേവനം തൃശുര്‍, എറണാകുളം, ഇടുക്കി ജല്ലകളില്‍ ആവശ്യം വരുന്നിടത്ത് ലഭ്യമാക്കുമെന്ന് നേവി അധികൃതര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam