ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നോട്ടീസ് നല്കുന്നത് പ്രതിപക്ഷം വീണ്ടും മാറ്റി

By Web DeskFirst Published Apr 3, 2018, 1:46 PM IST
Highlights
  • ഇംപീച്ച്മെൻറ് നോട്ടീസിൽ ആശയക്കുഴപ്പം
  • പ്രതിപക്ഷ നീക്കത്തിന് ചന്ദ്രബാബു നായിഡുവിൻറെ പിന്തുണ
  • പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു
     

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് നോട്ടീസ് നല്കുന്നത് പ്രതിപക്ഷം വീണ്ടും മാറ്റിവച്ചു. കേന്ദ്ര സർക്കാരിനെതിരെയുള്ള  യോജിച്ചപ്രതിപക്ഷ നീക്കത്തിന് തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു പിന്തുണ പ്രഖ്യാപിച്ചു. വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ  രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു. അവിശ്വാസ പ്രമേയ നോട്ടീസിൽ ഇന്നും സ്പീക്കർ വോട്ടെടുപ്പ് നടത്തിയില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവരാനുള്ള നോട്ടീസിൽ കൂടുതൽ എംപിമാർ ഇന്ന് ഒപ്പു വച്ചു. എന്നാൽ എസ്പി, തൃണമൂൽ, ബിഎസ്പി തുടങ്ങിയ ചില പ്രമുഖ പാർട്ടികൾ മാറി നില്ക്കുന്നത് കൊണ്ടാണ് നോട്ടീസ് നല്കുന്നത് വീണ്ടും മാറ്റിവച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിന് ദില്ലിയിലെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാർലമെൻറിൽ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സർക്കാരിനെതിരെ യോജിച്ച് നീങ്ങാനുളള പ്രതിപക്ഷ നീക്കത്തെ പിന്തുണയ്ക്കാമെന്ന് നായിഡു അറിയിച്ചു

മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമായ വി മുരളീധരൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കുമ്മനം രാജശേഖരൻ ഉൾപ്പടെ നിരവധി ബിജെപി നേതാക്കൾ സത്യപ്രതിജ്ഞ കാണാനെത്തി. കന്നഡയിലാണ് രാജീവ് ചന്ദ്രശേഖർ സത്യവാചകം ചൊല്ലിയത്. ഇത് മൂന്നാം തവണയാണ് തുടർച്ചയായി രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ എത്തുന്നത്. രാജ്യസഭയിൽ ഭരണപക്ഷത്തെ മലയാളികളുടെ എണ്ണം നാലായി ഉയർന്നു. ബിജെപി അംഗസംഖ്യ സഭയിൽ 69 ആയി ഉയർന്നപ്പോൾ കോൺഗ്രസിന്റേത് 50 ആയി കുറഞ്ഞു.

click me!