
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകാൻ നീക്കം. ഇന്ത്യ സഖ്യ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ഇന്നലത്തെ വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷൻ സംസാരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. രാഹുൽ വോട്ടർ പട്ടികയിൽ ചൂണ്ടിക്കാട്ടിയ പിഴവുകളിൽ ചിലതിന് മാത്രമാണ് കമ്മീഷൻ ഉത്തരം നല്കിയത്.
അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച ശേഷം ഇത് തെളിയിക്കാൻ തയ്യാറാകുന്നില്ല- ഇതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇന്നലത്തെ വാദങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിശ്ചയിക്കുന്ന കൊളീജിയത്തിലെ അംഗമാണ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി. ആ രാഹുൽ ഗാന്ധിക്കെതിരായ കമ്മീഷൻറെ ഈ പരസ്യ നീക്കം രാഷ്ട്രീയ തർക്കം രൂക്ഷമാക്കാൻ ഇടയാക്കും. രാഹുൽ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടുന്ന കമ്മീഷൻ എന്നാൽ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്ന് അംഗീകരിക്കുന്നു. പരാതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയിൽ പോയില്ല എന്നാണ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ചോദിക്കുന്നത്.
ഒരേ സ്ഥലത്ത് നൂറോളം ആൾക്കാരെ എങ്ങനെ ചേർക്കുന്നു എന്നതിനും വിശദീകരണം ഇന്ന് കിട്ടിയില്ല. വീടില്ലാത്തവർക്കാണ് പൂജ്യം നമ്പർ നൽകിയത് എന്ന വാദം സർക്കാരിനും തിരിച്ചടിയാണ്. വീടില്ലാത്ത ഇത്രയും ജനങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രാഹുൽ ഗാന്ധിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും സമാന വിഷയങ്ങളുന്നയിച്ച അനുരാഗ് താക്കൂറിനെക്കുറിച്ച് കമ്മീഷൻ മൗനം പാലിച്ചു.
രാഹുൽ ഗാന്ധിയുടെ യാത്ര തുടങ്ങിയ ദിവസമാണ് എസ്ഐആറിൽ മാറ്റം ഇല്ല എന്ന് കമ്മീഷൻ അറിയിക്കുന്നത്. ബംഗാളും കേരളവും അടക്കം കൂടുതൽ സ്ഥലങ്ങളിൽ ഇത് നടപ്പാക്കും എന്ന സന്ദേശവും കമ്മീഷൻ നല്കുന്നു. എന്തായാലും പ്രശ്നം തീർക്കുന്നതിന് പകരം ഇത് ആളികത്തിക്കാൻ ഇന്നലത്തെ വാർത്താ സമ്മേളനം ഇടയാക്കിയേക്കാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam