പുകവലി ശീലമാക്കി ഓറാങ്കുട്ടൻ, പുലിവാല് പിടിച്ച് മൃഗശാല അധികൃതര്‍

By Web DeskFirst Published Mar 13, 2018, 4:43 PM IST
Highlights

പുകവലി ശീലമാക്കി ഓറാങ്കുട്ടൻ, പുലിവാല് പിടിച്ച് മൃഗശാല അധികൃതര്‍

ഓറാങ്കുട്ടന്റെ പുകവലി കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് മൃഗശാല അധികൃതര്‍. ഓഡൻ 22 കാരനായ ഒറാങ്കുട്ടാനാണ് പുകവലിച്ച് മൃഗശാല അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
 
ഇന്തോനേഷ്യയിലെ ഒരു മൃഗശാലയിലാണ് സംഭവം. ഓഡൻ എന്ന പേരുള്ള ഒറാങ്കുട്ടാന്‍റെ പുകവലി ലോകമെമ്പാടുമുള്ള മൃഗസ്നേഹികളെ ചൊടിപ്പിച്ചിരിക്കുകയാണ്. മൃശാലയുടെ മോശം നടത്തിപ്പും, മൃഗങ്ങളെ പരിപാലിക്കുന്നതിലുള്ള വീഴ്‍ചയും ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരിചാരകൻ അൽപ്പനേരം മാറി നിന്നപ്പോഴാണ് സന്ദർശകർ സിഗരറ്റ് എറിഞ്ഞതെന്നും, പരിപാലനത്തിൽ വീഴ്‍ച വരുത്തിയിട്ടില്ലെന്നുമാണ് മ‍ൃഗശാല അധികൃതകരുടെ വിശദീകരണം. എന്നാൽ, 22 വയസ്സുള്ള ഒറാങ്കുട്ടാന്റെ പുകവലി കണ്ടാൽ, സ്ഥിരം സിഗരറ്റ് വലിക്കുന്നതാണെന്ന് വ്യക്തമാകുന്നെന്ന്, ഇത് സ്ഥിരം ഏർപ്പാടാണെന്നുമാണ് സന്നദ്ധപ്രവർത്തകരുടെ പക്ഷം. മൃഗങ്ങളെ പരിപാലിക്കുന്നതിൽ കടുത്ത അനാസ്ഥ വരുത്തിയ മൃഗശാല അടച്ചുപൂട്ടണമെന്നുമാണ് ഇവരുടെ ആവശ്യം.

ഇതാദ്യമായല്ല മൃഗശാല വിവാദത്തിലാകുന്നത്. 2012ൽ ടോറി എന്ന ഒറാങ്കുട്ടാൻ പുകവലിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതും വലിയ വിവാദമായിരുന്നു. തുടർന്ന് ടോറിയെ സന്ദർശകർക്ക് കാണാനാകാത്ത മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.

ഭക്ഷണമില്ലാതെ വിശന്ന് വലയുന്ന നിലയിലുള്ള കരടികൾ സന്ദശകരോട് കൈനീട്ടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ വർഷമാണ് പുറത്ത് വന്നത്. പരിപാലനത്തിലെ അനാസ്ഥ പല തവണ പുറത്തുവന്ന സ്ഥിതിക്ക് സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

പുകവലി ശീലമാക്കിയവരുടെ എണ്ണം താരതമ്യേന കൂടുതലുള്ള രാജ്യമാണ് ഇന്തേനേഷ്യ. അനാരോഗ്യ പ്രവണതകൾ മനുഷ്യനിലും മൃഗങ്ങളിലും വ്യാപിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യവിദഗ്ദ്ധർ കാണുന്നത്.
 

click me!