എട്ട് വയസ്സുകാരിയുടെ അവയവങ്ങള്‍ ജീവന്‍ നല്‍കിയത് നാല് പേര്‍ക്ക്

By Web DeskFirst Published Mar 7, 2018, 7:16 PM IST
Highlights
  • എട്ട് വയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്തു

 മുംബൈ: മുംബൈയിലെ ദമ്പതികള്‍ക്ക് നഷ്ടമായത് തങ്ങളുടെ എട്ട് വയസ്സ് പ്രായമായ മകളെയാണെങ്കില്‍ അവള്‍ ജീവന്‍ നല്‍കിയത് മറ്റ് നാല് പേര്‍ക്കാണ്. എട്ട് വയസ്സുകാരിയുടെ അവയവങ്ങള്‍ ഇപ്പോള്‍ നാലുപേരുടെ ശരീരത്തില്‍ തുടിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 27നാണ് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്. കുട്ടികളില്‍ ഇത്തരം സ്‌ട്രോക്കുകള്‍ അപൂര്‍വ്വമാണ്. 

ആശുപത്രി അധികൃതര്‍ ഏറെ പരിശ്രമിച്ചിട്ടും കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനായില്ല. മാര്‍ച്ച് 5ന് കുഞ്ഞിന്റെ മരണം സംഭവിച്ചതായി ആശുപത്രി അറിയിച്ചു. എന്നാല്‍ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ തയ്യാറാകുകയായിരുന്നു. ഇതോടെ നാല് പേര്‍ക്ക് അവയവങ്ങള്‍ മാറ്റി വച്ചു. 10 വയസ്സുകാരി പെണ്‍കുട്ടിയ്ക്കാണ് മരിച്ച കുഞ്ഞിന്റെ ഹൃദയം മാറ്റിവച്ചത്. കരള്‍ 32കാരനും വൃക്കയിലൊന്ന് 5 വയസ്സുള്ള ആണ്‍കുട്ടിയ്ക്കും മറ്റൊരു വൃക്ക 16 വയസ്സുകാരിയ്ക്കും മാറ്റിവച്ചു. 

വിവിധ ആശുപത്രികളിലായാണ് ഈ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നത്. തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങള്‍ ചൊവ്വ പുലര്‍ച്ചയോടെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ഉടന്‍ തന്നെ അതത് രോഗികളില്‍ ശസ്ത്രക്രിയ നടത്തി അവയവങ്ങള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. 


 

click me!