ഓറിയന്റൽ ബാങ്കില്‍ തട്ടിപ്പ് നടത്തിയ ജുവലറി ഉടമകളും വിദേശത്തേക്ക് മുങ്ങിയെന്ന് സിബിഐ

By Web DeskFirst Published Feb 25, 2018, 1:37 PM IST
Highlights

ദില്ലി: ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സിൽ തട്ടിപ്പ് നടത്തിയ ദില്ലിയിലെ ജുവലറി ഉടമകളും വിദേശത്തേക്ക് മുങ്ങിയെന്ന് സിബിഐ വ്യക്തമാക്കി. വജ്രവ്യാപാരി നീരവ് മോദി ബാങ്കുകളിൽ നിന്ന് തട്ടിയത് 20,000 കോടി രൂപയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തി. 16 ബാങ്കുകൾക്ക് കൂടി എൻഫോഴ്സ്മെൻറ് നോട്ടീസ് അയച്ചു. 

ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സിൽ നിന്ന് 390 കോടി തട്ടിയ ദില്ലിയിലെ ജുവലറി ഉടമകളായ സബ്യ സേത്ത്, റീതു സേത്ത് എന്നിവർക്കെതിരെ സിബിഐ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇരുവരും 2014-ൽ തന്നെ വിദേശത്തേക്ക് കടന്നിരുന്നു എന്ന് സിബിഐ അന്വേഷണത്തിൽ വ്യക്തമായി. രണ്ടു പേർക്കുമെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐ ഇൻറർപോളിനെ സമീപിച്ചു. 11,400 കോടി രൂപയല്ല അതിൻറെ ഇരട്ടി നീരവ് മോദി തട്ടി എന്ന കണ്ടെത്തലിലേക്ക് നീങ്ങുകയാണ് അതേസമയം അന്വേഷണ ഏജൻസികൾ. 

പഞ്ചാബ് നാഷണൽ ബാങ്കിലെ വായ്പയ്ക്കു പുറമെ പതിനാറു മറ്റു ബാങ്കുകളിൽ നിന്നെങ്കിലും നീരവ് മോദിയും മെഹുൽ ചോക്സിയും വായ്പ എടുത്തിട്ടുണ്ടെന്നാണ് റെയിഡുകളിൽ പിടിച്ചെടുത്ത രേഖകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ വിവരം ആവശ്യപ്പെട്ട് 16 ബാങ്കുകൾക്ക് കൂടി ഇഡി കത്ത് നല്കി. കടലാസിൽ 7 കോടി ലാഭം കാണിച്ച മോദിയുടെ ഒരു കമ്പനിക്ക് 1700 കോടി വരെ വായ്പ നല്കാൻ ബാങ്കുകൾ തയ്യാറായെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. അടുത്തമാസം അഞ്ചിന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ഈ വിഷയം എങ്ങനെ ഉയർത്തണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷം ഈയാഴ്ച യോഗം ചേരും. എല്ലാ തട്ടിപ്പുകാരെയും പിടികൂടും എന്ന പ്രധാനമന്ത്രിയുടെ നയം സർക്കാർ നടപ്പാക്കുകയാണെന്ന് ആഭ്യന്തരസഹമന്ത്രി ഹൻസ്രാജ് അഹിർ പറഞ്ഞു

വായ്പാ തട്ടിപ്പിൻറെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകളെ എല്ലാം സ്വകാര്യവത്ക്കരിക്കണം എന്ന ചർച്ച സജീവമാകുകയാണ്. എന്നാൽ ഇക്കാര്യത്തിൽ രാഷ്ട്രീയ സമവായത്തിന് സാധ്യത കുറവാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.

click me!