
ലണ്ടന്‍: ബിന്‍ ലാദന്‍റെ നാലാം ഭാര്യ അമാലിന്‍റെ ഓര്‍മ്മക്കുറിപ്പിലൂടെ ഒസാമ ബിന്‍ലാദന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുന്നത്. യു കെയില്‍ പുറത്തിറങ്ങിയ പുസ്തകത്തിലൂടെയാണ് ഇവര്‍ തന്‍റെ അനുഭവം വിവരിക്കുന്നത്. 2011 മെയ് 11 നാണ് പാകിസ്ഥാനിലെ അബോട്ടാബാദിലെ സുരക്ഷിത ഭവനത്തില്‍ വച്ചാണു ലാദനെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. നാലുഭാര്യമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ അമാലിനും അവരുടെ ആറ് മക്കള്‍ക്കുമൊപ്പമായിരുന്നു ലാദന്‍ ഉറങ്ങാന്‍ കിടന്നത്.
ലണ്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന സൺഡേ ടൈംസില്‍ ആണ് ദി എക്സ്ഹെയ്ൽ: ദി ഫ്ലൈറ്റ് ഓഫ് ഒസാമ ബിൻലാദൻ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിലെ ഒരു ഭാഗത്തില്‍ ലാദന്‍റെ നാലാം ഭാര്യ പറയുന്നത് ഇങ്ങനെ,
‘‘അന്ന് ഞങ്ങൾ പതിനൊന്ന് മണിയോടെ ഉറങ്ങാൻ കിടന്നു. എന്‍റെ തൊട്ടടുത്തായിരുന്ന അദ്ദേഹം പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. ഞങ്ങൾ താമസിക്കുന്ന പ്രവിശ്യയിൽ ഇടയിക്കിടയ്ക്ക് വൈദ്യുതി മുടങ്ങാറുണ്ട്. അത് കൊണ്ടതന്നെ അന്ന് കറന്‍റ് പോയപ്പോഴും അസ്വഭാവികതയൊന്നും തോന്നിയില്ല. മറ്റ് രണ്ട് ഭാര്യമാരും അവരുടെ മക്കളും അന്നേ ദിവസം ആ വീട്ടിലുണ്ടായിരുന്നു. ഞാനെഴുന്നേറ്റതിന് തൊട്ട് പിന്നാലെ അദ്ദേഹവും ഉണർന്നു... എന്നിട്ട് ഏറെ ഭയത്തോടെ പറഞ്ഞു, ‘‘അവർ വരുന്നുണ്ട്, അമേരിക്കൻസ്’. അദ്ദേഹത്തിന്റെ 22 കാരനായ മകൻ ഖാലിദിനെ അദ്ദേഹം വിളിച്ചു. എകെ 47 ഉം കയ്യിലേന്തി അവൻ വന്നു. പക്ഷെ 13 വയസിൽ അവന്റെ കയ്യിൽ ഏൽപ്പിച്ച ആയുധം അവൻ ഒരിക്കലും പ്രവർത്തിപ്പിച്ചതായി എനിക്കോർമയില്ല.
ബെഡ്റൂം ബാൽക്കണിയിലേക്ക് നടന്നെത്തിയ അവനെ താഴെ നിന്ന ആരോ ഖാലിദ് എന്നു വിളിക്കുന്നതും പിന്നീട് വെടിയുതിർക്കുന്നതും കണ്ടു. ഭയന്ന് വിറച്ച അദ്ദേഹത്തിന് നേർക്ക് തോക്ക് ചൂണ്ടിയപ്പോൾ ഞാൻ അദ്ദേഹത്തിനു മുന്നിലേക്ക് നിന്നു എന്റെ കാലിലും വെടിയുതിർത്തു. ഞാൻ തെറിച്ചു വീണു. ബോധം തിരിച്ചു കിട്ടുമ്പോൾ അദ്ദേഹത്തെ വെടിവയ്ക്കുന്നത് ഞാൻ കണ്ടു.
പക്ഷെ അത്തരമൊരു അന്തരീക്ഷത്തിൽ കണ്ണ് പോലും തുറക്കാൻ പറ്റിയില്ല. പിന്നീട് വെടിയുതിർത്ത ബിൻലാദനെ ഇരുകാലിലും പിടിച്ച് സൈനികർ താഴത്തെ നിലയിലേക്ക് വലിയച്ചിഴച്ച് കൊണ്ട് പോകുന്നതാണ് മറ്റൊരു ഭാര്യയും അവരുടെ മകളും കാണുന്നത്. ശബ്ദിച്ചാൽ എല്ലാവരും കൊല്ലപ്പെടും എന്നതായിരുന്നു അവസ്ഥ. പെട്ടെന്ന് തന്നെ വീടിനടുത്ത് നിർത്തിയിരുന്ന ചോപ്പറിൽ അവർ അദ്ദേഹത്തെയും കൊണ്ട് കടന്നു"
കാത്തി സ്കോട്ട് ക്സര്‍ക്കും, ആന്‍ഡ‍്രി ലെവിയും ചേര്‍ന്നാണ് ദി എക്സ്ഹെയ്ൽ: ദി ഫ്ലൈറ്റ് ഓഫ് ഒസാമ ബിൻലാദൻ എന്ന പുസ്തകം എഴുതുന്നത്. അതിലെ ചില ഭാഗങ്ങളാണ് കഴിഞ്ഞ ദിനം ലണ്ടനില്‍ നിന്നുള്ള പത്രം പുറത്തുവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam