
ആര്‍ക്കും കയറി ചെല്ലാനാവുന്ന ഒട്ടും സുരക്ഷിതമില്ലാത്ത തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. രാത്രി തന്റെ ബെഡിന് സമീപം 20 വയസ് പ്രയമുള്ള യുവാവ് അതിക്രമിച്ച കയറിയെന്നാണ് മെഡിക്കല്‍ കോളേജില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുന്ന ക്രിസ്റ്റിന എല്‍സ സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
എംബിബിഎസ് 31ആം ബാച്ച് വിദ്യാര്‍ത്ഥിനിയാണ് ക്രിസ്റ്റിന. ഹൌസ് സര്‍ജന്‍സിയുടെ ഭാഗമായി ക്രിസ്റ്റിന ഉള്‍പ്പെടുന്ന പത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ നാലാം നിലയിലാണ് താമസമൊരുക്കിയിരുന്നത്. മതിയായ സുരക്ഷയില്ലാത്ത ഇവിടെ അപരിചിതര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാം. എന്നാല്‍ പലപ്പോഴും ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മെയ് 19ന് തനിക്കുണ്ടായ ദുരനുഭവമാണ് ക്രിസ്റ്റിന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
2017 മെയ് 19ന്റെ രാത്രിയില്‍, എന്റെ കാഴ്ചപ്പാടുകളും സമൂഹത്തോടുള്ള എന്റെ മനോഭാവവും ആകെ തകര്‍ന്നു. പതിവുപോലെ രാത്രി എല്ലാവരും ആ മുറിയില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അത്യാഹിത വിഭാഗത്തില്‍ നിന്നും എന്റെ സുഹൃത്തിന് ഒരു ഫോണ്‍ കോള്‍ വന്നു, ഉടനടി അവള്‍ക്ക് പുറത്തു പോകേണ്ടിയും വന്നു. അവള്‍ പോയതിനുശേഷം വാതില്‍ പൂട്ടുവാന്‍ വിട്ടുപോയതോര്‍ത്ത് ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു.
ഉറക്കത്തില്‍ എന്റെ ശരീരത്തില്‍ എന്തോ തട്ടുന്നതു പോലെ തോന്നിയാണ് പിന്നെ എഴുന്നേറ്റത്. റൂമിലെ പകുതി ഇരുട്ടില്‍ എന്റെ കിടക്കയുടെ അടുത്ത് ഏകദേശം 20വയസ്സുള്ള ഒരാള്‍. ഞാന്‍ ഞെട്ടിയുണര്‍ന്നു ബഹളം വെച്ചു. അതോടെ എല്ലാവരും ഉണര്‍ന്നു. താഴെ നിന്നും കൂടെ ജോലി ചെയ്യുന്ന പലരും ഓടിവന്നു. എന്നാല്‍ ഏറെ നേരം തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. അപ്പോഴേക്കും അയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.'
'ഞങ്ങള്‍ ഇവിടെ തികച്ചും അരക്ഷിതരാണ്. ഒരു ജിഷയോ അല്ലെങ്കിലൊരു ദല്‍ഹി സംഭവമോ നമ്മില്‍ സംഭവിക്കുമ്പോഴേ നമ്മള്‍ ഉണരുകയുള്ളൂ'വെന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റിന തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam