പണം ചോദിച്ചുവന്നയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; പണമിടപാട് സ്ഥാപന ഉടമ മരിച്ചു

By Web DeskFirst Published Jul 14, 2018, 9:26 AM IST
Highlights

ഇന്നലെ ഉച്ചയ്ത്ത് 2.30ഓടെയാണ് സുമേഷ് എന്നയാള്‍ സ്ഥാപനത്തിലെത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്.

കോഴിക്കോട്: പണം ചോദിച്ചുവന്ന യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപൊയിലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കോടഞ്ചേരി കുപ്പായക്കോട് സ്വദേശി സജി കുരുവിള(52)യാണ് പുലര്‍ച്ചെ നാല് മണിയോടെ മരിച്ചത്. തീ കൊളുത്തിയ സുമേഷ് എന്നയാള്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
 
ഇന്നലെ ഉച്ചയ്ത്ത് 2.30ഓടെയാണ് സുമേഷ് എന്നയാള്‍ സ്ഥാപനത്തിലെത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരിച്ചറിയല്‍ രേഖകള്‍ പോലും ഇല്ലാതെ പണം നല്‍കാനാവില്ലെന്ന് സജി അറിയിച്ചതോടെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പെട്രോളുമായി വീണ്ടും സ്ഥാപനത്തിലെത്തിയ ഇയാള്‍ സജിയുടെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച സജിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

സുമേഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ തൃശ്ശൂര്‍ സ്വദേശിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

click me!