കാന്‍റീന്‍ ജീവനക്കാരന് മര്‍ദ്ദനം; പി സി ജോര്‍ജ്ജിനെ ചോദ്യം ചെയ്തു

By Web DeskFirst Published Mar 7, 2017, 4:37 PM IST
Highlights

തിരുവനന്തപുരം: കാന്‍റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പിസി ജോര്ജ്ജ് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തു. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പരാതിക്കാരന്റെ സാന്നിധ്യത്തില്‍ മ്യൂസിയം പൊലീസ് മഹ്സറും തയ്യാറാക്കി.

ഭക്ഷണം നല്‍കാന്‍ വൈകിയതിന് പിസി ജോര്‍ജ്ജും സഹായി സണ്ണിയെന്ന് വിളിക്കുന്ന  തോമസ് ജോർജ്ജും ചേര്‍ന്ന് എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കഫേയിലെ ജീവനക്കാരന്‍ മനുവിനെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. ഈ കേസില്‍ എംഎല്‍എയെ ചോദ്യം ചെയ്യാനും സംഭവസ്ഥലത്ത് എത്തി തെളിവെടുക്കാനും നിയമസഭ സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ ചോദ്യം ചെയ്യാന്‍ എത്തിയ മ്യൂസിയം പോലീസിനോട് ആദ്യം പിസി ജോര്ജ്ജ് സഹകരിച്ചില്ല. പിന്നീട് നിയമസഭ സെക്രട്ടറിയുടെ ഉത്തരവ് അടക്കം കാണിച്ച ശേഷമാണ് ചോദ്യം ചെയ്യല്‍ തുടങ്ങാനായത്.

ക്യാന്‍റീന്‍ ജീവനക്കാരന മര്‍ദ്ദിച്ചുവെന്ന ആരോപണം എംഎല്‍എ നിഷേധിച്ചു. സംഭവത്തില്‍ എംഎല്‍എയുടെ സഹായിയും രണ്ടാം പ്രതിയുമായ സണ്ണിക്ക് ഹാജരാകണമെന്ന് പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ ഇയാള്‍ ഹാജരായിട്ടില്ല.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് എംഎല്‍എയ്ക്കും സഹായിക്കും എതിരെ ചുമത്തിയിട്ടുള്ളത്.

click me!