പാകിസ്ഥാനിൽ പുകവലിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അമ്മ പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പൊതുസ്ഥലത്ത് വെച്ച് പുകവലിക്കുന്നത് മകൾ എതിർത്തതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പുകവലിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അമ്മ തന്റെ പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂർ ജില്ലയിലുള്ള ബസ്തി സോകർ പ്രദേശത്താണ് സംഭവം. 45 വയസുകാരിയായ നബീല അഹ്മദും മകൾ ആയിഷയും തമ്മിൽ പുകവലിയെച്ചൊല്ലി പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊതുസ്ഥലങ്ങളിൽ വച്ച് അമ്മ പുകവലിക്കുന്നത് ആയിഷയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അത് തടയാൻ ശ്രമിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായി, ശനിയാഴ്ച രാത്രി ഉണ്ടായ തർക്കത്തിനിടെ നബീല ആയിഷയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം നബീല സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാൽ കുടുംബാംഗങ്ങളിൽ ഒരാൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നബീല അഹ്മദിനെ അറസ്റ്റ് ചെയ്തു. ഫോറൻസിക്, ക്രൈം യൂണിറ്റുകൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി യാസ്മാൻ ടിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റി.


