ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി: കമ്മിഷനെ പരിഹസിച്ച് പി ചിദംബരം

By Web DeskFirst Published Oct 20, 2017, 3:30 PM IST
Highlights

ഗുജറാത്തിലെ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം രംഗത്തു വന്നു.  തിയ്യതി പ്രഖ്യാപിക്കാൻ കമ്മിഷൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തിയെന്ന് ചിദംബരം ട്വീറ്റ് ചെയ്‍തു. കോൺഗ്രസിന് പരാജയഭീതിയെന്ന് ബിജെപി പ്രതികരിച്ചു.
 
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഹിമാചൽ വോട്ടെടുപ്പ് തിയ്യതി മാത്രം പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെ പരിഹസിച്ചുള്ള മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ട്വീറ്റ് ഇന്ന് വിവാദമായി. ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കാൻ നരേന്ദ്രമോദിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു ചിദംബരത്തിന്റെ പരാമർശം. ഞായറാഴ്ച നരേന്ദ്ര മോദിയുടെ റാലി ഗുജറാത്തിൽ നടക്കുന്നുണ്ട്. റാലിക്കു ശേഷം മോദി തന്നെ തിയ്യതി തീരുമാനിക്കും എന്നാണ് ചിദംബരത്തിന്റെ ആരോപണം. കമ്മിഷൻ ഇപ്പോൾ നീണ്ട അവധിയിലാണെന്നും ചിദംബരം പറയുന്നു. ചിദംബരത്തിന്റെ ആരോപണം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി തള്ളി. കോൺഗ്രസ് പരാജയഭീതിയിലാണെന്ന് വിജയ് രുപാണി പറഞ്ഞു.

ഹിമാചൽ പ്രദേശിൽ അടുത്ത മാസം ഒമ്പതിന് വോട്ടെടുപ്പാണെങ്കിലും ഫലപ്രഖ്യാപനം ഡിസംബർ 18നേ ഉള്ളു. ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബർ അഞ്ചിനും പതിനഞ്ചിനും ഇടയിൽ രണ്ടു ഘട്ടമായി നടക്കും എന്നാണ് സൂചന. ഇത് പ്രഖ്യാപിക്കാതെ മാറ്റിവച്ചത് വഴി വെള്ളപ്പൊക്ക ബാധിത മേഖലയിലെ ജനരോഷം തണുപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് കൂടുതൽ നടപടികൾ പ്രഖ്യാപിക്കാനുള്ള സമയം കിട്ടി എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.

click me!