
ദില്ലി: എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് താത്കാലിക ആശ്വാസം. വീണ്ടും വാദം കേൾക്കുന്ന ജൂലൈ 10 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ദില്ലി പട്യാല ഹൗസ് കോടതി നിർദ്ദേശിച്ചു. എൻഫോഴ്സെമെൻറ് ഉദ്യോഗസ്ഥർ കേസിൽ ഇപ്പോൾ ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്.
ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ നാലാഴ്ച സമയം വേണമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി ജൂലൈ 10 വരെ അറസ്റ്റ് വിലക്കിയത്. ജൂലൈ 10 ന് ചിദംബരം വീണ്ടും കോടതിയിലെത്തണം. ഇതേ കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും അന്നു തന്നെയാണ് കോടതിയിൽ ഹാജരാകേണ്ടത്.
കോടതിയിൽ നിന്ന് താല്ക്കാലിക ആശ്വാസം നേടിയ ശേഷമാണ് ചിദംബരം ദില്ലിയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായത്. 2006 ൽ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയർസെൽ കമ്പനിക്ക് 600 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ ചട്ടങ്ങൾ മറികടന്ന് വിദേശ നിക്ഷേപപ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഈ കന്പനിയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നാണ് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരായ ആരോപണം. തനിക്കെതിരെ ഒരു തെളിവുമില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ചിദംബരം പറയുന്നത്. സമാന സ്വഭാവമുള്ള ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ നാളെ സിബിഐക്ക് മുന്നിൽ ഹാജരാകാനും ചിദംബരത്തിന് നിർദ്ദേശമുണ്ട്. ഈ കേസിൽ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ 3 വരെ ദില്ലി ഹൈക്കോടതി നേരത്തെ വിലക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam