സെന്റിന് 57 രൂപ മാത്രം; ഭൂമിയുടെ ന്യായവില മറച്ച് വച്ച് പി വി അൻവർ

By Web DeskFirst Published Nov 28, 2017, 9:33 AM IST
Highlights

മലപ്പുറം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിക്ക് സെന്റിന് 57 രൂപ വിലയിട്ട് പി വി അന്‍വര്‍ എംഎല്‍എ. 2015 വരെ എംഎൽഎ വാങ്ങിയ ഭൂമിക്കാണ് ഈ വിചിത്രമായ വില. ന്യായ വിലയുടെ അടുത്തുപോലും എത്താത്ത തുക കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനേയും എംഎല്‍എ വിഡ്ഢിയാക്കിയിരിക്കുകയാണ്. 

അനധികൃത ഭൂമി സമ്പാദനത്തില്‍ പി വി അന്‍വറിനെതിരെ റവന്യൂവകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ ഭൂമിയുടെ വിവരത്തിലൂടെയാണ് പി വി അന്‍വറിന്‍റെ അനധികൃത ഭൂമി സമ്പാദനം വ്യക്തമാകുന്നത്. തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലായി 207.84 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന് എംഎല്‍എ തന്നെ സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നു. 

207.84 ഏക്കര്‍ ഭൂമിയുടെ വിലയായി കാണിച്ചിരിക്കുന്നത് 11,88,900 രൂപയാണ്. അതായത് ഒരു ഏക്കര്‍ ഭൂമിക്ക് 5720 രൂപ, ഒരു സെന്‍റിന് അന്‍പത്തിയേഴ് രൂപ 20 പൈസ. 2015 വരെ വാങ്ങിക്കൂട്ടിയ ഭൂമിക്ക് വരെ ഈ വിലയാണ് കാണിച്ചിരിക്കുന്നത്. തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളികളില്‍ സെന്‍റിന് നാലായിരം രൂപ ന്യായ വില ഉണ്ടായിരുന്ന കാലയളവിലാണ് ഈ തുച്ഛമായ തുക കാണിച്ച് എംഎല്‍എ കള്ളക്കളി നടത്തിയിരിക്കുന്നത്. 

റിയല്‍ എസ്റ്റേറ്റ് രംഗം ഏറെ പുഷ്ടിപ്പെട്ടിരുന്ന ഇക്കാലയളവില്‍ ഇവിടങ്ങളില്‍ അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മാര്‍ക്കറ്റ് വില ഉണ്ടായിരുന്ന സമയത്താണ് പി വി അന്‍വര്‍ ഇത്രയും കുറഞ്ഞ വില ഭൂമിയ്ക്ക് കാണിച്ചിരിക്കുന്നത്. വസ്തുത ഇതാണെന്നിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെ പി വി അന്‍വര്‍ എംഎല്‍എ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അനധികൃത ഭൂമി സമ്പാദനം ഉള്‍പ്പടെ സമീപകാലത്ത് പുറത്ത് വന്ന നിയമലംഘനങ്ങളിലൊന്നും എംഎല്‍എ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

click me!