സിനിമ പ്രചോദനം; ചേരികളിലെ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ നിർമ്മിച്ച് 'പാഡ് വുമണ്‍'മാർ

By web deskFirst Published Jul 12, 2018, 1:09 PM IST
Highlights
  • 15 വയസുള്ള ജാന്‍വി സിങ്ങും 17 വയസുള്ള ലാവണ്യ ജെയിനുമാണ്  ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് ശുചിത്വമുള്ള സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും നേതൃത്വം നല്‍കുന്നത്.

ഛത്തീസ്​ഗഡ്: തമിഴ്നാട്ടിലെ അരുണാചലം മുരുഗാനന്ദത്തിന്‍റെ അനുഭവങ്ങളെ അഭ്രപാളിയിലെത്തിച്ച, ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനായ ' പാഡ് മാന്‍ ' എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്. എന്നാല്‍ ഈ സിനിമയിലൂടെ പ്രചോദനം ഉള്‍ക്കൊണ്ട് ദരിദ്രരായ സ്ത്രീകള്‍ക്ക് വേണ്ടി പാഡ് നിര്‍മ്മിക്കുകയാണ് ഛത്തീസ്ഗഡിലെ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികള്‍.

15 വയസുള്ള ജാന്‍വി സിങ്ങും 17 വയസുള്ള ലാവണ്യ ജെയിനുമാണ്  ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് ശുചിത്വമുള്ള സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും നേതൃത്വം നല്‍കുന്നത്. ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ സമയത്ത് വേണ്ട ശുചിത്വ ബോധം ഉളവാക്കുന്നതിന് വേണ്ടി 'സ്‌പോട്ട് ഫ്രീ' എന്ന പേരില്‍ ഒരു ക്യാമ്പയിനും ഇരുവരും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.

പാഡ്മാന്‍ കണ്ടതിന് ശേഷം, എന്തുകൊണ്ട് ഞങ്ങള്‍ക്കും ദരിദ്രരായ കുട്ടികള്‍ക്ക് വേണ്ടി പാഡുകള്‍ വാങ്ങി നല്‍കിക്കൂടെന്ന്  ചിന്തിച്ചത്. ആദ്യം നാപ്കിനുകള്‍ വാങ്ങി നല്‍കാമെന്നാണ് കരുതിയത് എന്നാല്‍ ധാരാളം പണം ആവശ്യമായി വന്നത് കൊണ്ട് സ്വയം പാഡ് നിർമ്മിക്കാൻ തുടങ്ങുകയായിരുന്നെന്ന് ജാന്‍വി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. എന്‍റെ ബോര്‍ഡിംഗ് സ്‌കൂളിലെ കുട്ടികള്‍ക്ക് പാഡ് നിര്‍മ്മിക്കുന്ന രീതി പറഞ്ഞ് കൊടുക്കുന്നുണ്ടെന്നും ജാന്‍വി കൂട്ടിചേര്‍ത്തു.

ഒരു പാഡ് നിര്‍മ്മിക്കുന്നതിന് വെറും  2 രണ്ട് രൂപ മാത്രമാണ് ചെലവ് വരുന്നത്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ന്യൂസ് പേപ്പറിലാണ് നാപ്കിനുകള്‍ ഇവർ വില്‍ക്കുന്നത്. ഒരു പാക്കറ്റില്‍ 10 പാഡുകള്‍ ഉണ്ടാകും. ഇങ്ങനെ നിര്‍മ്മിക്കുന്ന പാഡുകള്‍ എല്ലാം തന്നെ ചേരി പ്രദേശത്തെ സ്ത്രീകൾക്കാണ് നൽകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ജൈവ സാമഗ്രികള്‍ കൊണ്ടുള്ള പാഡുകൾ നിര്‍മ്മിക്കുന്ന സുവിദ എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. ഇതില്‍ ഒരു പാക്കറ്റ് പാഡിന് പത്ത് രൂപയായിരുന്നു വില.

click me!