പാകിസ്ഥാൻ കടക്കെണി ഭീഷണിയിൽ; നവാസ് ഷെരീഫിന്റെ എരുമകളെ ഇമ്രാൻ ഖാൻ സർക്കാർ വിറ്റു

By Web TeamFirst Published Sep 28, 2018, 12:34 PM IST
Highlights

പാചകാവശ്യത്തിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വളർത്തിയ എട്ട് എരുമകളെയാണ് സർക്കാർ വിറ്റത്. മൂന്ന് എരുമകളും അഞ്ച് എരുമക്കുട്ടികളും അടങ്ങിയ ലേലത്തിലൂടെ സമാഹരിച്ചത് 23,02,000 രൂപയാണ്. രണ്ട് മണിക്കൂറിലാണ് ലേലം പൂർത്തിയായത്. ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് നിബന്ധന വച്ചിരുന്നു.

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വളർത്തിയ എരുമകളെ വിറ്റ് ഇമ്രാൻ ഖാൻ സർക്കാർ. പാചകാവശ്യത്തിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വളർത്തിയ എട്ട് എരുമകളെയാണ് സർക്കാർ വിറ്റത്. മൂന്ന് എരുമകളും അഞ്ച് എരുമക്കുട്ടികളും അടങ്ങിയ ലേലത്തിലൂടെ സമാഹരിച്ചത് 23,02,000 രൂപയാണ്. രണ്ട് മണിക്കൂറിലാണ് ലേലം പൂർത്തിയായത്. ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് നിബന്ധന വച്ചിരുന്നു

അതേസമയം എരുമകളെ വാങ്ങിയവരെല്ലാം മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുപ്പക്കാരാണെന്ന് ഇസ്ലാമാബാദിൽ നിന്നുളള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷരീഫിന്റെ അനുയായി ഖൽബ് അലി 3.85 ലക്ഷം രൂപയാണ് ഒരു എരുമയ്ക്കായി ചെലവഴിച്ചത്. 2.15 ലക്ഷം, 2.7 ലക്ഷം എന്നിങ്ങനെ വിലയുള്ള രണ്ട് എരുമക്കുട്ടികളെ വാങ്ങിയത് പാകിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് പ്രവർത്തകൻ ഫഖർ വറൈച്ചാണ്. 1.82 ലക്ഷം രൂപ മുടക്കിയാണ് മറ്റൊരാൾ അവസാനത്തെ എരുമക്കുട്ടിയെ സ്വന്തമാക്കിയത്.

കടക്കെണിയെ തുടർന്ന് രാജ്യത്തെ അധിക ചിലവുകളെല്ലാം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന്റെ ഭാ​ഗമായാണ് വസതിയിലെ എരുമകളെ വിറ്റതെന്ന് ഔ​ദ്യോദിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള 100 ഓളം 
ആഡംബര കാറുകൾ ഇമ്രാൻ ഖാൻ ലേലം ചെയ്തിരുന്നു. ഇതുകൂടാതെ ഉപയോഗിക്കാതെ വച്ചിരുന്ന നാല് ഹെലികോപ്റ്ററുകളും വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്.  
 

click me!