പെല്ലറ്റ് ഗണ്‍ പ്രയോഗം; പരിക്കേറ്റ ഇന്ത്യന്‍ പ്രമുഖരുടെ വ്യാജ ചിത്രങ്ങള്‍ വൈറലാകുന്നു

By Web DeskFirst Published Jul 26, 2016, 1:58 AM IST
Highlights

ന്യൂഡല്‍ഹി: പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റെന്ന രീതിയില്‍ ഇന്ത്യന്‍ പ്രമുഖരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. പാക്കിസ്ഥാനിലെ ഒരു അഭിഭാഷകന്‍റെ നേതൃത്വത്തില്‍ മോര്‍ഫ് ചെയ്ത് സൃഷ്ടിച്ച ചിത്രങ്ങളാണ് കശ്മീര്‍ താഴ്വരയില്‍ വൈറലാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാന മന്ത്രി നരേന്ദ്ര മോദി,  ബോളീവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, സെയിഫ് അലി ഖാന്‍, കാജല്‍, ഐശ്വര്യാ റായി, ക്രിക്കറ്റ് താരം വിരാട് കോലി തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.  ഫേസ്‍ബുക്ക് സ്ഥാപകന്‍ സുക്കന്‍ ബര്‍ഗിന്‍റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

കശ്മീരില്‍ സൈന്യത്തിന്‍റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവര്‍ക്ക് സമാനമാണ് ഈ ചിത്രങ്ങള്‍. കറുത്ത പശ്ചാത്തലത്തില്‍ കണ്ണും മുഖത്തിന്‍റെ വിവിധ ഭാഗങ്ങളും തകര്‍ന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഫെയ്‍സ് ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്നത്.

പാക്ക് അഭിഭാഷകന്‍ മുഹമ്മദ് ജിബ്രാന്‍ നാസിര്‍, ആര്‍ട്ടിസ്റ്റുകളായ ബാട്ടൂല്‍ അഖ്വീല്‍, മുര്‍ട്‍സ അബ്ബാസ് എന്നിവരാണ് ഓണ്‍ലൈന്‍ പ്രചരണത്തിനു പിന്നിലെന്നാണ് കരുതുന്നത്.

അതേ സമയം പ്രകോപനപരമായ  പോസ്റ്റുകള്‍ നീക്കം ചെയ്ത ഫേസ്‍ബുക്ക് നടപടിയെ പാക്ക് ആര്‍ടിസ്റ്റുകള്‍ വിമര്‍ശിച്ചു. ഫേസ്‍ബുക്ക് സ്ഥാപകന്‍ സുക്കന്‍ബര്‍ഗിനെയാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. കശ്മീരിനെ സംബന്ധിച്ച മൂവായിരത്തിലധികം പ്രകോപനപരമായ പോസ്റ്റുകള്‍ അടുത്തിടെ ഫേസ്‍ബുക്കില്‍ നിന്നും നീക്കം ചെയ്തിരുന്നു.

അതേ സമയം ജമ്മു കശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്താനാകില്ലെന്ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്(സി.ആർ.പി.എഫ്​) ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ വ്യക്തമാക്കി. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ കശ്മീരികളുടെ കാര്യത്തില്‍ അതിയായ ദുഖമുണ്ടെന്നും എന്നാല്‍ ഏറ്റവും അപകടം കുറഞ്ഞ പ്രതിരോധമാണ് പെല്ലറ്റ് പ്രയോഗമെന്നും ദര്‍ഗ പറഞ്ഞു.

ജനങ്ങള്‍ക്ക് നേരെയുള്ള പെല്ലറ്റ് പ്രയോഗം ഒഴിവാക്കണമെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ്  സി ആർ പി എഫ്​ ഡയറക്ടറുടെ പ്രതികരണം.

 

click me!