മോദിയുടെ സര്‍പ്രൈസ് സന്ദര്‍ശനം; ഇന്ത്യയ്‌ക്ക് പാകിസ്ഥാന്‍ നല്‍കിയത് 1.49 ലക്ഷത്തിന്റെ ബില്ല്

By Web DeskFirst Published Feb 19, 2018, 9:47 AM IST
Highlights

ദില്ലി: 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാകിസ്ഥാനിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ വാങ്ങിയത് 1.49 ലക്ഷം രൂപ. മോദി യാത്ര ചെയ്ത ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന് പാകിസ്ഥാന്റെ ആകാശ പാത ഉപയോഗപ്പെടുത്തിയതിനാണ് വ്യോമയാന റൂട്ടിലെ നിരക്ക് അനുസരിച്ച് പാകിസ്ഥാന്‍ പണം വാങ്ങിയത്. സാമൂഹിക പ്രവര്‍ത്തകനായ ലോകേഷ് ബത്ര എന്നയാള്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റഷ്യ – അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ 2015ലെ ക്രിസ്മസ് ദിനത്തിലാണ് മോദി അപ്രതീക്ഷിതമായി പാകിസ്ഥാനില്‍ ഇറങ്ങിയത്. വൈകുന്നേരം 4.50ന് വ്യോമസേനയുടെ ബോയിങ് 737 വിമാനത്തില്‍ ലഹോറില്‍ ഇറങ്ങിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമാണ് അവിടെ ലഭിച്ചത്. പിന്നീട് ഹെലിക്കോപ്റ്ററില്‍ ലഹോറിനു പുറത്ത് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വീട്ടിലേക്കും മോദി പോയിരുന്നു. പാക് വ്യോമപാത ഇന്ത്യന്‍ വിമാനം ഉപയോഗിച്ചതിന് 1.49 ലക്ഷം രൂപയാണ് പാക്കിസ്ഥാന്‍ വാങ്ങിയതെന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ 2016 മേയില്‍ മോദി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ 77,215 രൂപയും 2016 ജൂണില്‍  ഖത്തര്‍ സന്ദര്‍ശിച്ചതിന് 59,215 രൂപയും പാക്കിസ്ഥാന്‍ ഇന്ത്യയില്‍നിന്ന് ഈടാക്കി. ഈ രണ്ടു യാത്രകള്‍ക്കും പാക്കിസ്ഥാന്റെ വ്യോമ പാത ഇന്ത്യ ഉപയോഗിച്ചിരുന്നു.

2016 ജൂണ്‍ വരെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനമാണ് വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഉപയോഗിച്ചത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‍ട്രേലിയ, പാക്കിസ്ഥാന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 2014 മുതല്‍  2016 വരെയുള്ള കാലഘട്ടത്തില്‍ വ്യോമസേനയുടെ വിമാനത്തില്‍ മോദി നടത്തിയ യാത്രയുടെ ചെലവ് അന്വേഷിച്ചാണ് ലോകേഷ് ബത്ര വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. ഈ യാത്രകള്‍ക്കായി  രണ്ടുകോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവാക്കിയതെന്ന് രേഖകള്‍ പറയുന്നു. 

click me!