Latest Videos

കുടിയേറ്റ നിയന്ത്രണം: യുഎസ് പാകിസ്താനെയും വിലക്കിയേക്കുമെന്ന് വൈറ്റ് ഹൗസ്

By Web DeskFirst Published Jan 30, 2017, 4:16 AM IST
Highlights

വാഷിങ്ടണ്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും സന്ദര്‍ശകരെയും വിലക്കിയതിന് തൊട്ടു പിന്നാലെ യുഎസ് പാകിസ്താനെയും കുടിയേറ്റ നിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് പ്രതിനിധി റിയന്‍സ് പ്രിബസാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

നിലവില്‍ വിലക്കിയിട്ടുള്ള ഏഴ് രാജ്യങ്ങളും തീവ്രവാദത്തിന് ശക്തമായ വേരോട്ടമുള്ള രാജ്യങ്ങളാണെന്ന് ഒബാമ ഭരണകൂടം കണ്ടെത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രതിനിധി സിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളാണ് പാകിസ്താനും, അഫ്ഘാനിസ്താനും. ഈ രാജ്യങ്ങളുടെ കാര്യത്തിലും വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും പ്രിബസ് വ്യക്തമാക്കി.

വിലക്കിനെ ന്യായീകരിച്ച വൈറ്റ് ഹൗസ് പ്രതിനിധി അമേരിക്കന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ട്രംപിന്റെ നയത്തെയും അനുകൂലിച്ചു. ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി.

എന്നാല്‍ ഉത്തരവ് ഫെഡറല്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു.
പിന്നീട് അഭയാര്‍ത്ഥികളെ വിലക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ പദ്ധതി മുസ്ലീം നിരോധനമല്ലെന്ന് ട്രംപ് സര്‍ക്കാര്‍ വ്യക്തമാക്കി. നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടുതല്‍ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിസ നല്‍കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

click me!