
ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോർമൂസ് അടച്ച ഇറാൻറെ നടപടി ലോകത്ത് ക്രൂഡ് ഓയിലിന്‍റെ വിലയിൽ വലിയ വർദ്ധനമാണ് സൃഷ്ടിച്ചത്. ഇതിന് പിന്നലെ ലോകമെമ്പാടും ഇന്ധന പ്രതിസന്ധി ഉടലെടുത്തു. ഒടുവിൽ ആഴ്ചകൾ നീണ്ട സമാധാന ചർച്ചകൾക്ക് ശേഷം യുഎസും ഇറാനും കഴിഞ്ഞ വെള്ളിയാഴ്ച സമാധാന കരാറിൽ ഒപ്പുവച്ചു. ഇതിന് പിന്നാലെ ഇറാൻ ഹോർമൂസ് തുറന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില കുത്തനെ ഇടിഞ്ഞു. പിന്നാലെ പാകിസ്ഥാൻ ഇന്ധന വില കുറച്ചെന്ന് റിപ്പോർട്ടുകൾ. നിലവിൽ ലിറ്ററിന് 74 രൂപയുടെ കുറവാണ് ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്.
പാകിസ്ഥാനിൽ നിലവിൽ പെട്രോൾ വില ലിറ്ററിന് 299 രൂപയും ഡീസലിന് 311 രൂപയുമാണ്. ഇന്ധന വിലയിലെ കുറവ് പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കവെ, ആഗോള എണ്ണവില ഇടിഞ്ഞതിന്‍റെ മുഴുവൻ ഗുണവും തന്‍റെ ഭരണകൂടം ജനങ്ങൾക്ക് കൈമാറുന്നുവെന്നായിരുന്നു പാക് പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. ഇറാനും യുഎസും തമ്മിൽ മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിച്ച കരാറിനെത്തുടർന്ന് എണ്ണവില കുറയുന്നത് തുടരുന്നതിനാൽ, ഇന്ധന വിലയിൽ "ഗണ്യമായ" കുറവ് വരുത്തുമെന്ന് ഷെരീഫ് പാർലമെന്‍റിൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നതെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
"പെട്രോളിന്‍റെ വില ലിറ്ററിന് 373 രൂപയിൽ നിന്ന് 299 രൂപയായി കുറയും, ഡീസലിന്‍റെ വില ലിറ്ററിന് 378 രൂപയിൽ നിന്ന് 311 രൂപയായി കുറയും. എണ്ണ വിലയിലെ അസാധാരണമായ വർദ്ധനവിൽ നിന്ന് ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുന്നതിനായി വികസന ബജറ്റിൽ നിന്നും ചെലവുചുരുക്കൽ നടപടികളിൽ നിന്നുമുള്ള ലാഭം വഴി ഫെഡറൽ സർക്കാർ 129 ബില്യൺ പാക് രൂപ ഉപയോഗിച്ചു," ഷെഹ്ബാസ് ഷെരീഫിന്‍റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 28 -നാണ് ഇസ്രയേലും യുഎസും ചേർന്ന ഇറാനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചത്. ആദ്യ ദിവസത്തെ അക്രമണത്തിൽ തന്നെ ഇറാന് പരമോന്നത നേതാവായ അലി ഖമനേയിയെയും പ്രധാനപ്പെട്ട നേതാക്കളെയും നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശക്തമായ പ്രതിരോധം തീർത്ത ഇറാൻ, യുഎസിന്‍റെ സഖ്യ കക്ഷികളായ ഗൾഫ് രാജ്യങ്ങളെ അക്രമിച്ച് ഗൾഫ് മേഖലയെയും സംഘർഷത്തിലാക്കി. പിന്നാലെ ഹോർമൂസ് അടച്ച് ഇറാൻ യുഎസിനെ പോലും വെല്ലുവിളിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ധന വ്യാപാരം നടക്കുന്ന ഹോർമൂസ് അടച്ചതോടെയാണ് ആഗോള ഇന്ധന വിലയിൽ വലിയ കുതിപ്പുണ്ടായത്. ഇതിന് പിന്നാലെ പാകിസ്ഥാൻ അടക്കമുള്ള നിരവധി രാജ്യങ്ങൾ ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam