കശ്‌മീരില്‍ ഹിതപരിശോധന വേണമെന്ന് വീണ്ടും പാകിസ്ഥാന്‍

By Web DeskFirst Published Jul 13, 2016, 7:01 AM IST
Highlights

ദില്ലി: ജമ്മു കശ്മീരില്‍ ഹിതപരിശോധന വേണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ വീണ്ടും രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന വേണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് പ്രസ്താവനയിറക്കി. അതേസമയം ജമ്മുകശ്മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. നിരോധനാജ്ഞ അഞ്ചാം ദിവസവും തുടരുകയാണ്. ജമ്മു കശ്‌മീരിലെ പത്തു ജില്ലകളിലാണ് നിരോധനാജ്ഞ തുടരുന്നത്. കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിക്ക് മാധ്യമങ്ങള്‍ വീരപരിവേഷം നല്‍കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലത്തെ ഉന്നതതല യോഗത്തില്‍ അതൃപ്തി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.

കശ്‌മീരില്‍ സംഘര്‍ഷവും പ്രതിഷേധവും തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കശ്മീരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. കശ്മീരിലെ സമാധാനത്തിന് എല്ലാവരും മുന്‍കൈ എടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കശ്‌മീരിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ സന്ദര്‍ശനം മാറ്റി ച്ചിരുന്നു.

 

click me!