
ലാഹോര്‍: പാകിസ്ഥാനിലെ മാധ്യമങ്ങളും നീതിന്യായ വിഭാഗവും അടിച്ചമർത്തലിന് വിധേയമാകുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടുകൂട്ടർക്കും വിലക്കുകൾ കൂടുന്നു. നാളെയാണ് പൊതു തെരഞ്ഞെടുപ്പ്. നിയമവ്യവസ്ഥയിൽപോലും സൈന്യം ഇടപെടുന്നു എന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷൗക്കത്ത് അസീസ് സിദ്ധിഖി വിമർശിച്ചത് കഴിഞ്ഞ ദിവസമാണ്. മാധ്യമങ്ങൾക്കുനേരെ നേരത്തെതന്നെ നടപടികൾ കടുപ്പിച്ചുതുടങ്ങിയിരുന്നു.
ജിയോ ടിവി രണ്ടാഴ്ച സംപ്രേഷണം നിർത്തിവച്ചു. അവരുടെ പത്രമായ ദ് ന്യൂസിന് ചിലരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പുനൽകേണ്ടിവന്നു. പ്രമുഖ പത്രമായ ഡോണിന് നേരെ കടുത്ത നടപടികളാണ് ഉണ്ടായത്. പല പ്രവിശ്യകളിലും പത്രം കിട്ടാതായി, പരസ്യക്കമ്പനികളെ ഭീഷണിപ്പെടുത്തി പരസ്യം പിൻവലിച്ചു, പത്രം വിൽക്കുന്നതിനുവരെ നിയന്ത്രണമായി. അതോടെയാണ് ഡോൺ നിശിതമായ വിമർശനവുമായി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. എഡിറ്റർ ബിബിസിക്ക് നൽകിയ അഭിമുഖവും ചർച്ചയായി.
നീക്കങ്ങൾ നവാസ് ഷെരീഫിനെ തോൽപ്പിക്കാനും ഇമ്രാൻ ഖാന്റെ ജയം ഉറപ്പിക്കാനും ആണെന്നാണ് ആരോപണം. പക്ഷേ ഇടപെടലുണ്ടായിട്ടില്ലെന്നാണ് സൈന്യത്തിന്റെ പക്ഷം. ഹാഫിസ് അല്‍ സയിദും, ലഷ്കർ ഇ തയിബ നേതാവും സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കിയത് സൈന്യത്തിന്റെ നിർദ്ദേശമനുസരിച്ചാണെന്നതും പരസ്യമായ രഹസ്യമാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്തെത്തിയ 120 പേരടങ്ങുന്ന അന്താരാഷ്ട്ര നിരീക്ഷകരും മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണത്തിലടക്കം ആശങ്ക അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam