
കൊച്ചി: മരണക്കെണിയായ പാലാരിവട്ടം സിവിൽ ലൈൻ റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതിൽ മഴയെ പഴിച്ച് അധികൃതർ. മഴ മൂലം അറ്റകുറ്റപണി നടത്താൻ ആകുന്നില്ലെന്നാണ് ന്യായീകരണം. ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചതോടെ കുഴികൾ താൽകാലികമായി അടച്ച് തടി ഊരാനാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ശ്രമം.
മരണക്കുഴിയിൽ വീണ് 23കാരന് ജീവൻ നഷ്ടമായിട്ടുപോലും റോഡ് നന്നാകാൻ ഇനിയും കാക്കേണ്ട ഗതികേടിലാണ് കൊച്ചിക്കാർ. നഗരത്തെ കാക്കനാട് ഇൻഫോ പാർക്കുമായും സിവിൽ സ്റ്റേഷനുമായും ബന്ധിപ്പിക്കുന്ന സിവിൽ ലൈൻ റോഡ് പൊട്ടി പൊളിഞ്ഞതോടെ 50 ലക്ഷം രൂപ അറ്റകുറ്റപണിക്ക് അനുവദിച്ചു.
പക്ഷെ അറ്റകുറ്റപണിയെന്ന പേരിൽ പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത് റോഡിലെ വലിയ കുഴികൾ അടച്ച് നാട്ടുകാരുടെ കണ്ണിൽപൊടിയിടുക മാത്രം. അതും കുന്നുംപുറം ഭാഗത്തെ അരകിലോ മീറ്റർ ചുറ്റളവിൽ മാത്രം.കുഴികൾക്ക് മുകളിൽ ടാറിടുക പോലും ചെയ്തിട്ടില്ല. പണി വൈകാൻ കാരണം മഴയാണെന്ന വിശദീകരണം ആണ് പൊതുമരാമത്ത് വകുപ്പും സ്ഥലം എംഎൽഎയും നൽകുന്നത്.
മഴയെ പഴിക്കുന്നതിനൊപ്പം കോൺട്രാക്ടർമാരുടെ നിസഹകരണവും നിർമാണസാമഗ്രികളുടെ വിലകയറ്റവും പണിതുടങ്ങാൻ വൈകുന്നതിന് കാരണമാണെന്ന് എംഎൽഎ പറയുന്നു.ബുധനാഴ്ച പൊതുമരാമത്ത് വകുപ്പുമായുള്ള ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെന്ന വിശ്വാസത്തിലാണ് എംഎൽഎ. പക്ഷെ അപ്പോഴും അനുവദിച്ച 50 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് എന്ത് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam