
ജറുസലേം: ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പാലസ്തീൻകാർ തെരുവിലിറങ്ങി. പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ ഇസ്രയേൽ സേന വെടിയുതിര്‍ത്തു. കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ 100ലധികം സൈനിക സംഘങ്ങളെ വെസ്റ്റ് ബാങ്കിൽ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കുമെന്ന് പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ പറഞ്ഞു. എന്നാൽ സന്ദർശനം എന്നുണ്ടാവുമെന്നതിൽ വ്യക്തതയില്ല. ട്രംപിന്റെ തീരുമാനത്തിൽ യുഎൻ സുരക്ഷ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് അലിഹൈജയുടെ പ്രഖ്യാപനം. ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.
നേരത്തെ ഏഴ് പതിറ്റാണ്ടായി തുടരുന്ന വിദേശനയം മാറ്റിമറിച്ച് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരുന്നു. മേഖലയിലെ സമാധാനത്തെയും രാഷ്ട്രീയ സ്ഥിരതയേയും ബാധിക്കുന്ന തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam