ആദരാഞ്ജലിക്ക് പിന്നാലെ നെഹ്റു കോളേജ് മുന്‍ പ്രിൻസിപ്പലിനെതിരെ ലഘുലേഖ

By Web DeskFirst Published Apr 6, 2018, 7:03 PM IST
Highlights
  • നെഹ്റു കോളേജ് മുൻപ്രിൻസിപ്പലിനെതിരെ ലഘുലേഖ
  • കൊടക്കാട്ടെ ജനങ്ങളുടെ മനസിൽ നിന്ന് പണ്ടേ മരിച്ചെന്ന് പരിഹാസം  
  • ലഘുലേഖയ്ക്ക് പിന്നിൽ കുട്ടികളാണോ എന്നറിയില്ലെന്ന് പുഷ്പജ

കാസര്‍ഗോഡ്: വിദ്യാർഥികൾ ആദരാഞ്ജലി പോസ്റ്ററൊട്ടിച്ച് അപമാനിച്ച കാഞ്ഞങ്ങാട് നെഹ്റു കോളേജ് മുന്‍ പ്രിൻസിപ്പൽ പിവി പുഷ്പജയെ വ്യക്തിഹത്യ ചെയ്യുന്ന ലഘുലേഖ. വിദ്യാർത്ഥികളുടെ മനസിൽ നിന്ന് ഇപ്പോഴാണ്  മരിച്ചതെങ്കിൽ കൊടക്കാട്ടെ ജനങ്ങളുടെ മനസിൽ നിന്നും പണ്ടേ മരിച്ചുവെന്നാണ് പരിഹാസം. ലഘുലേഖയ്ക്ക് പിന്നിൽ കുട്ടികളാണോ എന്നറിയില്ലെന്ന് പുഷ്പജ പറഞ്ഞു.

ലാൽസലാം സഖാക്കളെ എന്ന തലക്കെട്ടോട് കൂടി ലേഡി പ്രിൻസിപ്പലിന്‍റെ ഗ്രാമവാസികൾ എന്ന പേരിലാണ് ലഘുലേഖ പ്രചരിക്കുന്നത്. തന്നെ അവഹേളിക്കുന്ന ലഘുലേഖയിലെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്ന് കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജ പ്രതികരിച്ചു. ലഘുലേഖയ്ക്ക് പിന്നില്‍ കുട്ടികളാണോ എന്നറിയില്ലെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.

വിരമിക്കല്‍ ദിനത്തില്‍ പി.വി പുഷ്പജക്ക് ആദരാജ്ഞലിയര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തത് വിവാദമായിരുന്നു. സംഭവത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

click me!