
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാംപോറിൽ സർക്കാർ പരിശീന കേന്ദ്രത്തിൽ കയറിയ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടൽ 40 മണിക്കൂറിനു ശേഷവും തുടരുന്നു. ഒരു സൈനികന് കൂടി ഇന്ന് പരിക്കേറ്റു. ഇതിനിടെ കശ്മീരിലെ ഷോപിയനിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ നടത്തിയ മറ്റൊരു ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു.
ജമ്മു കശ്മീരിലെ പാംപോറിൽ സർക്കാർ വക ആന്ത്രപ്രീനിയർഷിപ്പ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇഡിഐയിൽ കയറി ഒളിച്ച ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ 40 മണിക്കൂർ കഴിഞ്ഞിട്ടും കരസേന തുടരുകയാണ്. ഗ്രനേഡുകളും റോക്കറ്റുകളും ഉപയോഗിച്ച് ഭീകരരെ കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തു ചാടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കരസേന ഓപ്പറേഷൻ നാളെയും തുടരാനാണ് സാധ്യത. ഇന്നത്തെ ഏറ്റുമുട്ടലിൽ ഒരു കസേനാ ജവാന് കൂടി പരിക്കേറ്റു.
ഇതിനിടെ തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഒരു സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം നടന്നു. തിരക്കേറിയ ഒരു റോഡിലൂടെ നീങ്ങുകയായിരുന്ന വാഹനവ്യൂഹത്തിനു നേരെ ഭീകരർ ഗ്രനേഡ് ആക്രണം നടത്തുകയായിരുന്നു. മൂന്ന് സിആർപിഎഫ് ജവാൻമാർക്കും പത്തു നാട്ടുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ മൂന്ന് അഴ്ചയിൽ ഇത് അഞ്ചാമത്തെ വലിയ ആക്രമണമാണ്. ഇന്ത്യയുടെ മിന്നലാക്രമണത്തിന് എങ്ങനെയും പകരം വീട്ടുക എന്ന നിർദ്ദേശമാണ് പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ നല്കിയിരിക്കുന്നത്.
ഇതിനിടെ സർക്കാരിനും സൈന്യത്തിനുമിടയിലുളള ഭിന്നത പുറത്തു കൊണ്ടു വന്ന ഡോൺ ദിനപത്രത്തിന്റെ ലേഖകനെതിരെ പാകിസ്ഥാൻ നടപടി തുടങ്ങി. ഈ വാർത്തയെഴുതിയ സിറിൽ അൽമീദയെ ഉൾപ്പെടുത്തി. വാർത്തയിൽ ഉറച്ചു നില്ക്കുന്നു എന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അനാവശ്യ മാധ്യമനിയന്ത്രണത്തിൽ നിന്ന് പിൻമാറണമെന്നും ഡോൺ എഡിറ്റർ സഫർ അബ്ബാസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam