തേത്രയുഗത്തില്‍ വിമാനമുണ്ടായിരുന്നു; പന്ന്യന്‍റെ പാരമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു

By Web DeskFirst Published Feb 20, 2017, 2:23 PM IST
Highlights

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയും ട്രോളുമായി മാറുകയാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പരാമര്‍ശങ്ങള്‍. എസിവി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ശ്രീരാമന്‍റെ കാലം മുതലേ വിമാനം നിലവിലുണ്ടെന്ന പന്ന്യന്‍റെ പരാമര്‍ശമാണ് വിവാദമായത്. മാത്രമല്ല, ത്രേതായുഗത്തില്‍ വിമാനം ഉണ്ടായിരുന്നുവെന്നും അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും മറ്റു കണ്ടുപിടുത്തങ്ങളുടെയും വളര്‍ച്ചയാണ് ഇപ്പോഴത്തെ സാങ്കേതിക വിദ്യയെന്നും അദ്ദേഹം പറഞ്ഞു.

2014ല്‍ രാഹുല്‍ ഈശ്വറുമായുള്ള അഭിമുഖത്തിലാണ് പന്ന്യന്‍റെ പരാമര്‍ശം. പുരാണ കഥകളിലെ അസ്ത്രങ്ങള്‍ നന്മകള്‍ നിറഞ്ഞതായിരുന്നുവെന്നും ഇവയൊക്കെ ഒരുപാട് കാലം ആലോചിച്ച് കണ്ടെത്തിയവയായിരുന്നുവെന്നും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ പറഞ്ഞു. അന്നത്തെ കണ്ടുപിടുത്തങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീരാമന്‍ ജനിച്ച കാലഘട്ടം ത്രേതായുഗമാണ്. ആ കാലഘട്ടത്തില്‍ വിമാനമുണ്ടായിരുന്നു. ഇന്നലെയുടെ പൈതൃകം എന്നൊന്നുണ്ട്. നമ്മളെല്ലാം ആ പൈതൃകമാണെന്നും പന്ന്യന്‍ വിവരിക്കുന്നു. അഗ്നികൊണ്ടുള്ള അസ്ത്രം എതിരാളിക്ക് നേരെ പ്രയോഗിക്കുമ്പോള്‍ അവര്‍ അത് ജലാസ്ത്രം കൊണ്ട് നേരിടുന്നു. ഇവയെല്ലാം കണിശതയോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അനേകകാലത്തെ ശ്രമഫലമായി കണ്ടുപിടിച്ചവയാണെന്നുമാണ് പന്ന്യന്‍ പറയുന്നത്.

സിപിഐ ലോ അക്കാദമി സമരത്തില്‍ ബിജെപിയുമായി കൂട്ടുകൂടി എന്ന ആരോപിക്കുന്ന സിപിഎം പക്ഷക്കാരാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള അഭിമുഖം സോഷ്യല്‍ മീഡിയയില്‍ കുത്തിപോക്കിയത് എന്നാണ് എതിര്‍വാദം ഉയരുന്നത്.

click me!