
പൂനെ: ചികിത്സക്കിടെ രണ്ട് വയസുകാരന്റെ കിഡ്നി ഡോക്ടര്‍ എടുത്തുമാറ്റിയെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. പൂനെ സ്വദേശിയായ ഫൈസല്‍ താംബോലി എന്ന കുട്ടിയുടെ രക്ഷിതാക്കളാണ് സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോ. മുരളീധരന്‍ താംബെയ്‌ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ കുട്ടിക്ക് ജന്മനാ ഉള്ള അസുഖമാണെന്ന് ആശുപത്രി അധികൃതരും വിദഗ്ദ ഡോക്ടര്‍മാരും വിശദീകരിച്ചു. പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
ഡിസംബര്‍ മൂന്നിനാണ് ഫൈസലിനെ സാസൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആന്തരിക അവയവങ്ങള്‍ വേണ്ട രീതിയില്‍ വികസിക്കാത്ത 'ആനോറെക്ടല്‍ മാല്‍ഫോമേഷന്‍' അടക്കമുള്ള പ്രശ്നങ്ങളായിരുന്നു കുഞ്ഞിന്ഉണ്ടായിരുന്നത്. സാധാരണയായി 3000 മുതല്‍ 4500 വരെ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരാശരി ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അസുഖമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അച്ഛനമ്മമാര്‍ രക്തബന്ധുക്കളാണെങ്കില്‍ ഇതിനുള്ള സാധ്യതയേറും. ഗര്‍ഭസ്ഥ ശിശുവിന് ആറ് മുതല്‍ എട്ട് ആഴ്ച വരെ പ്രായമാവുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഫൈസലിന്റെ സി.ടി സ്കാന്‍ പരിശോധിച്ചപ്പോള്‍ രണ്ട് വൃക്കകളും യഥാസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും വലത്തേ കിഡ്നി ചുരുങ്ങിയ നിലയിലായിരുന്നു. ഇതുകാരണം ഇടത് കിഡ്നിക്ക് കൂടുതല്‍ ജോലി ചെയ്യേണ്ടിവന്നു.
എന്നാല്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ മകന്റെ കിഡ്നി എടുത്തുമാറ്റിയെന്നാരോപിച്ച് മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ആരോപണം തെറ്റാണെന്നും ഇത് തെളിയിക്കാന്‍ എല്ലാ മെഡിക്കല്‍ തെളിവുകളുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങളുള്ള ആണ്‍ കുട്ടികള്‍ക്ക് മൂന്ന് മേജര്‍ ശസ്‌ത്രക്രിയകളും കുറച്ച് മൈനര്‍ ശസ്‌ത്രക്രിയകളും വേണ്ടിവരും. ഫൈസലിന് മൂന്ന് ശസ്‌ത്രക്രിയകള്‍ കഴിഞ്ഞുവെന്നും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam