
കണ്ണൂര്‍: ഒരു സർക്കാർ സ്കൂളിലേക്കുള്ള പ്രവേശനത്തിനായി രക്ഷിതാക്കളുടെ പിടിവലി കോടതിയിലെത്തിയിരിക്കുകയാണ്. കണ്ണൂർ തളിപ്പറമ്പിലെ ടാഗോർ വിദ്യാനികേതനിൽ ചേരാനുള്ള കുട്ടികളുടെ തിരക്ക് കാരണം 5, 8 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് നറുക്കെടുപ്പ് നടത്താനുള്ള ശ്രമവും പാളിയതോടെ പ്രവേശനം നിർത്തി വച്ചിരിക്കുകയാണ്. പ്രവേശനത്തിന് നിലവിലുള്ള പ്രവേശന പരീക്ഷ ഹൈക്കോടതി വിലക്കിയതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്.
അഞ്ചാം ക്ലാസിലേക്ക് പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് റിതിക. CBSE വിട്ട് സർക്കാർ സ്കൂളായ ടാഗോർ വിദ്യാനികേതനിൽ എത്തിയതാണ് ഇവള്‍. പക്ഷെ അപ്പോഴാണ് തിരക്ക് കാരണം പ്രവേശനം തന്നെ നിന്നു പോയിരിക്കുന്നത്. എല്ലായിടത്തും പ്രവേശനോത്സവം നടക്കുമ്പോൾ ഇവിടെ പുതുതായി ഒരു കുട്ടിയെയും എടുക്കാനായിട്ടില്ല. ആശങ്കയോടെ ദിവസവും ഇവിടെ വന്ന് പോകുന്നത് നിരവധി പേരാണ്.
പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന എൻട്രൻസ് പരീക്ഷയൊഴിവാക്കിയതോടെയാണ് തിരക്ക് കൂടിയത്. അഡ്മിഷൻ തുടങ്ങുന്നതിന്റെ തലേന്ന് രാത്രി തന്നെ രക്ഷിതാക്കൾ ക്യൂ നിൽക്കാൻ തുടങ്ങി. എല്ലാവർക്കും കിട്ടില്ലെന്നറിഞ്ഞതോടെ സംഘർഷത്തിലേക്കെത്തി. പ്രവേശനം നിർത്തിവയ്ക്കേണ്ടി വന്നു. എത്തിയവർക്കെല്ലാം പ്രവേശനം നൽകണമെന്ന് ഒരുവിഭാഗവും, എൻട്രൻസ് വഴി മാത്രം മതിയെന്ന് കാട്ടി മറുവിഭാഗവും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അടുത്ത തവണമുതൽ കൂടുതൽ പേർക്ക് സൗകര്യങ്ങളേർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ തവണ ഒന്നരലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകിയതെങ്കിൽ ഇത്തവണ അത് മറികടക്കുമെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam