
ആദ്യ ദിനം രാജ്യസഭയിൽ ശാന്തമായ അന്തരീക്ഷത്തിലാണ് നോട്ട് അസാധുവാക്കലിനെക്കുറിച്ച് ചർച്ച നടന്നതെങ്കിൽ ഇന്ന് പ്രതിപക്ഷം ആക്രമണ ശൈലി പുറത്തെടുത്തു. രണ്ടു സഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രധാനമന്ത്രി സഭയിൽ വരാത്തത് ധാർഷ്ട്യത്തിനു തെളിവാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ നടത്തിയ പരാമർശങ്ങൾ സഭാ രേഖയിൽ നിന്ന് നീക്കി. കാവേരി വിഷയം ഉന്നയിച്ച് അണ്ണാ ഡിഎംകെ അംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി. ബാങ്ക്കൾക്ക് മുന്നിലെ തിരക്ക് കാരണം മരിച്ചവർക്ക് സഭ ആദരാഞ്ജലി അർപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാരിനെ ശാസിക്കാൻ അവസരമുള്ള അടിയന്തര പ്രമേയം അനുവദിച്ചുള്ള ചർച്ച വേണം എന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിന്നതിനാൽ ലോക്സഭ ഇന്ന് ചർച്ച നടത്താതെ പിരിഞ്ഞു.
ചട്ടം 193 പ്രകാരം വോട്ടെടുപ്പില്ലാതെയുള്ള ചർച്ച എത്ര സമയം വേണമെങ്കിലും നടത്താം എന്നു പ്രതികരിച്ച സർക്കാർ രാജ്യം നരേന്ദ്രമോദിക്കൊപ്പമാണെന്ന് അവകാശപ്പെട്ടു. നരേന്ദ്ര മോദിയുടെ തീരമാനത്തെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും സ്വാഗതം ചെയ്തത് പ്രതിപക്ഷത്ത് തുടരുന്ന ആശയക്കുഴപ്പത്തിന് തെളിവായി. അതേസമയം പ്രശ്നപരിഹാരം നീളുന്നതിൽ ബിജെപിയിലും അമർഷം പുകയുകയാണ്. അരുൺ ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ധനമന്ത്രാലയത്തിനാണ് ഇതിന് ഉത്തരവാദിത്വമെന്ന് പരസ്യമായി കുറ്റപ്പെടുത്തി സുബ്രമണ്യൻ സ്വാമി രംഗത്തു വന്നു.
ഇന്നലെ മമതാ ബാനർജിക്കൊപ്പം പ്രതിഷേധത്തിൽ ചേർന്ന ശിവസേനയെ അനുനയിപ്പിക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉദ്ദവ് താക്കറയെ ടെലിഫോണിൽ വിളിച്ചു. കള്ളപ്പണം തടയുക എന്ന ഉദ്യമത്തിൽ സർക്കാരിനൊപ്പമാണെന്ന് ഉദ്ദവ് ഇതിനു ശേഷം പ്രതികരിച്ചു. എന്തായാലും ഈ വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഈയാഴ്ച പാർലമെന്റിൽ ഉണ്ടാവാനുള്ള സാധ്യത മങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam