
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിലെ കടുത്ത ആശയക്കുഴപ്പത്തിനിടെയാണ് ബിജെപി സമര മുഖം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്. തന്ത്രങ്ങൾ വിജയിക്കുന്നുവെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ എങ്കിൽ ബിജെപിയും സർക്കാറും ഒത്ത് കളിക്കുകയാണെന്നാണ് യുഡിഎഫ് ആരോപണം.
നിലക്കലിൽ നിന്നും നിലയില്ലാതെയാണ് ബിജെപി സമരത്തിന്‍റെ ദിശ മാറ്റിയത്. രണ്ടാഴ്ചയിലേറെയായി കെ. സുരേന്ദ്രൻ ജയിലിലാണ്. സുരേന്ദ്രന്‍റെ അറസ്റ്റോടെ ശബരിമല പ്രശ്നത്തിലെ ബിജെപി സമരത്തിന്‍റെ വീര്യം കുറഞ്ഞു, ആരൊക്കെ ഇനി ശബരിമലക്ക് പോകുമെന്നതിൽ ആശയക്കുഴപ്പമായി. കൂടുതൽ നേതാക്കൾ അറസ്റ്റിലാകുമോ എന്ന ആശങ്ക വേറെയും. തുടക്കത്തിൽ വിശ്വാസി സമൂഹത്തിൽ നിന്നും കിട്ടിയ പിന്തുണ ചോർന്ന് പോകാതിരിക്കാൻ മറ്റ് വഴിയില്ലാതെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങാൻ ധാരണയായത്.
യുഡിഎഫിന്‍റെ സമരകേന്ദ്രം നിയമസഭയിൽ കേന്ദ്രീകരിച്ചു. പുറത്തെ സമരത്തെക്കാൾ സഭയിലും. ശബരിമല പ്രശ്നം തുടർച്ചയായി ഉന്നയിച്ച് സർക്കാറിനെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യം. ബിജെപിയുടെ പിന്നോട്ട് പോക്കിന് പിന്നിൽ സർക്കാറുമായുള്ള ഒത്തുകളിയാണെന്ന വാദവും യുഡിഎഫ് സജീവമാക്കും. സർക്കാറാകട്ടെ ശബരിമലയിലെ തന്ത്രങ്ങൾ ഫലം കാണുന്നുവെന്ന വിലയിരുത്തലിലാണ്. രാഷ്ട്രീയ സമരമാണെങ്കിൽ ശബരിമല വിട്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധം മാറ്റണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. നിരോധനാജ്ഞക്ക് ഹൈക്കോടതിയുടെ പിന്തുണ കിട്ടിയതും ശബരിമലയിൽ പ്രതിഷേധാന്തരീക്ഷം കുറഞ്ഞുവരുന്നതിലും സർക്കാർ സന്തോഷത്തിലാണ്. ശബരിമലയും നിലക്കലും വിട്ട് തലസ്ഥാനം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപ്പോരാകും ഇനിയുള്ള നാളുകളിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam