പാര്‍വ്വതിയെ അവര്‍ വെറുതെ വിടുന്നില്ല

Published : Jan 15, 2018, 06:05 PM ISTUpdated : Oct 05, 2018, 04:11 AM IST
പാര്‍വ്വതിയെ അവര്‍ വെറുതെ വിടുന്നില്ല

Synopsis

മമ്മൂട്ടിയുടെ കസബ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ നടി പാര്‍വ്വതിയ്ക്ക് നേരെ സൈബര്‍ ആക്രമണം അവസാനിക്കുന്നില്ല. പാര്‍വ്വതിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കുന്ന പോസ്റ്റുകളെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. പാര്‍വ്വതി പറയുന്ന വിഷയമെന്തെന്നൊ അതിന്‍റെ പ്രസക്തിയെന്തെന്നോ നോക്കാതെ പാര്‍വ്വതി എന്ത് പറഞ്ഞാലും എതിര്‍ക്കുകയാണ് ഇക്കൂട്ടര്‍. ഒടുവില്‍ നീതിയ്ക്കായി സെക്രട്ടേറിയേറ്റില്‍ സമരമിരിക്കുന്ന ശ്രീജിത്തിനെ പിന്തുണച്ചതും പാര്‍വ്വതിയെ ആക്രമിക്കാനുള്ള ആയുധമായി എടുത്തിരിക്കുകയാണ്. 

കസബ വിവാദങ്ങളുടെ പേരില്‍ ഒരു വിഭാഗം തുടങ്ങി വച്ച ആക്രമണങ്ങളെ തുടര്‍ന്ന് സിനിമാ മേഖല തന്നെ രണ്ട് തട്ടിലായിരുന്നു. പാര്‍വ്വതിയുടെയും വനിതാ കൂട്ടായ്മയായ വുമന്‍ കളക്ടീവ് ഇന്‍ സിനിമയും കൂട്ടമായാണ് ആക്രണം നേരിട്ടത്. ഇതിനിടയില്‍ സംവിധായകന്‍ ജൂഡ് ആന്‍റണിയും പാര്‍വ്വതിയും തമ്മില്‍ ട്വിറ്ററിലും ഫേസ്ബുക്കിലുമായി നടന്ന ശീതയുദ്ധവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അന്ന് പാര്‍വ്വതിയെ പരിഹസിച്ച് ജൂഡ‍് എത്തിയതും  പാര്‍വ്വതിയുടെ ഒഎംകെവി എന്ന പ്രയോഗവും പിന്നീട് ജൂഡ് നല്‍കിയ പോസ്റ്റ് മറുപടിയും വിവാദത്തിലുമായി. 

ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലെ അസഹനീയമായ ചീത്തവിളികള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ പാര്‍വ്വതി പരാതി നല്‍കുകയും ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അതേസമയം തനിക്കു വേണ്ടി പ്രതികരിക്കാനോ തന്നെ പ്രതിരോധിക്കാനോ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഫാന്‍സിനെ പിന്തള്ളി മമ്മൂട്ടി നടത്തിയ പ്രതികരണം. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവുമെന്നും സൈബര്‍ ആക്രമണങ്ങളോടും പാര്‍വ്വതിയുടെ വിമര്‍ശനത്തോടും മമ്മൂട്ടി പ്രതികരിച്ചു. 

മമ്മൂട്ടിയെ വിമര്‍ശിച്ച് ഡബ്ലൂസിസി പേജിലിട്ട പോസ്റ്റ് ഇതിനിടയിലാണ് വിവാദമാകുന്നമത്. ഇതോടെ പേജിനെ അണ്ടര്‍ റേറ്റ് ചെയ്യാനുള്ള ശ്രമം ഒരു ഭാഗത്തുനിന്നും ആക്രമണത്തെ ചെറുക്കാനുള്ള ശ്രമം മറുഭാഗത്തുനിന്നും തുടര്‍ന്നു. ചരിത്രത്തിന്‍റെ അനിവാര്യതയാണ് ഡബ്ലുസിസി എന്നാണ് സംഘടനയെ സാഹിത്യകാരി കെ ആര്‍ മീര വിശേഷിപ്പിച്ചത്. ഇത്തരമൊരു ചങ്കൂറ്റം കാണിച്ചവരെ അഭിനന്ദിച്ചും മീര അടക്കമുള്ളവര്‍ രംഗത്തെത്തിയപ്പോള്‍ സിദ്ധിഖിനെപ്പോലുള്ള മുതിര്‍ന്ന അഭിനേതാക്കാള്‍ പാര്‍വ്വതിയെ ശാസിച്ച് ഒതുക്കാനാണ് ശ്രമിച്ചത്. 

എന്നാല്‍ ഇതുകൊണ്ടൊന്നും സൈബര്‍ ആക്രമണങ്ങള്‍ അവസാനിച്ചില്ലെന്ന് മാത്രമല്ല, പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയ്ക്ക് ഡിസ്‍ലൈക്ക് നല്‍കിയും ആക്രമണം തുടര്‍ന്നു. പൃഥ്വിരാജ് പാര്‍വ്വതി ചിത്രമായ മൈസ്റ്റോറി പാര്‍വ്വതിയോടുള്ള വിരോധം മൂലം ബഹിഷ്കരിക്കുന്നു എന്നതരത്തിലുള്ള കമന്‍റുകളും യൂട്യൂബിലും ഫേസ്ബുക്കിലും നിറഞ്ഞു.  ഇതെല്ലാം മമ്മൂട്ടിയെ വിമര്‍ശിച്ചതിന്‍റെ പേരിലാണെങ്കില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണം ശ്രീജിത്തിനെ പിന്തുണച്ചതിനാലാണെന്നതാണ് വിരോധാഭാസം. 

നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിയ്ക്കാനുള്ള ശ്രമമാണ് പാര്‍വ്വതി നടത്തുന്നതെന്നും ഇതൊന്നും വിലപ്പോകില്ലെന്നും തുടങ്ങി അസഭ്യങ്ങള്‍ വരെ കമന്‍റായി നിറയുന്നുണ്ട് പാര്‍വ്വതിയുടെ പേജില്‍. പോപ് കോണും തിന്ന് വീട്ടില്‍ ഇരുന്നാല്‍ മതി ഫെമിനിച്ചി എന്നാണ് സൈബറിടത്തിലെ വിമര്‍ശകരുടെ പക്ഷം. പാര്‍വതിയുടെ പോസ്റ്റില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെയാണ് ഇത്തരക്കാര്‍ പാര്‍വതിയിട്ട പോസ്റ്റ് ആണെന്നതിനാല്‍ മാത്രം അതിരൂക്ഷമായി ആക്രമിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓക്കെ ഫ്രണ്ട്സ്, ഇങ്ങ് പോരെ'; പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറുകളിൽ അഭ്യാസം കാട്ടിയ യുവാക്കളെ പൊക്കി പൊലീസ്
ഏഴ് വർഷത്തിനുശേഷം തടവുകാരുടെ വേതനത്തിൽ വർധന; 30 ശതമാനം വിക്ടിം കോമ്പൻസേഷൻ