
കോഴിക്കോട്: ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയധികൃതരും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയയാളും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. ആശുപത്രിയും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ജേക്കബ് വടക്കഞ്ചേരിയും ചേര്‍ന്ന് നാല് ലക്ഷം രൂപ ബന്ധുക്കള്‍ക്ക് നഷ്ടം നല്‍കണമെന്നാണ് കോഴിക്കോട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടത്. കോഴിക്കോട്ടെ അഭിഭാഷകനായ സി. വിനയാനന്ദന്‍ എറണാകുളം ചമ്പക്കര നേച്ചര്‍ ലൈഫ് ഹോസ്പിറ്റലില്‍ 12 കൊല്ലം മുമ്പ് മരിച്ച കേസിലാണ് വിധി.
പ്രമേഹവും കുടലില്‍ അള്‍സറും വൃക്കയില്‍ കല്ലും മറ്റും കാരണം അലോപ്പതി, ആയുര്‍വേദ, പ്രകൃതി ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് പരസ്യം കണ്ട് ജേക്കബ് വടക്കഞ്ചേരിയുടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് കേസ്. 2005ല്‍ കൊച്ചിയില്‍ ആശുപത്രിയില്‍ ചികിത്‌സ നടത്തിയതിലെ പോരായ്മ കാരണമാണ് മരണമെന്ന് കാണിച്ച് സഹോദരന്‍ ഗവ.ലോ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി. തിലകാനന്ദനും മറ്റ് കുടുംബാംഗങ്ങളും ഹര്‍ജി നല്‍കുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരിട്ട വിനയാനന്ദനെ ആശുപത്രിയുടെ താഴെ നിലയില്‍നിന്ന് പടികള്‍ കയറി മുകളിലെ നിലയിലേക്ക് യോഗക്ക് കൊണ്ടുപോയതും യോഗ ചെയ്യിപ്പിച്ചതും രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ നല്‍കിയില്ല എന്ന ഹര്‍ജിക്കാരുടെ വാദവും ഇത്തരം രോഗികള്‍ക്ക് പൂര്‍ണ വിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ഡോ. വി. കെ. ഗിരീശന്റെ മൊഴിയും സ്വീകരിച്ചാണ് ഫോറം വിധി. കേസ് ചെലവിലേക്ക് എതിര്‍കക്ഷികള്‍ 15,000 രൂപ നല്‍കണമെന്നും പ്രസിഡന്റ് റോസ് ജോസ്, അംഗങ്ങളായ ബീന ജോസഫ്, ജോസഫ് മാത്യു എന്നിവരടങ്ങിയ ഫോറം ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam