മുരുകന് ചികിത്സ നിഷേധിച്ചിട്ടില്ല: വെന്‍റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു

By web DeskFirst Published Aug 7, 2017, 7:38 PM IST
Highlights

തിരുവനന്തപുരം : വാഹനാപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം  മെഡിക്കല്‍ കോളേജിലെത്തിച്ച തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ചെന്ന വാര്‍ത്ത തള്ളി ആശുപത്രി സൂപ്രണ്ട്. കൂട്ടിരിപ്പുകാരില്ലാത്തതിനാലാണ് മുരുകന് ചികിത്സ നിഷേധിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ വ്യക്തമാക്കിയിരുന്നു.  ചികിത്സ ലഭ്യമാകാത്തതിനെ  തുടര്‍ന്ന് മുരുകന്‍ മരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെത്തുന്ന ഭൂരിഭാഗം പേരും കൂട്ടിരിപ്പുകാരില്ലാതെയാണെത്താറെന്നും ഇവരെ നോക്കാന്‍ പ്രത്യേക സംവിധാനമുണ്ടെന്നും  സൂപ്രണ്ട് പറഞ്ഞു.  അത്യാഹിത വിഭാഗത്തില്‍ രോഗികളെ എത്തിക്കുന്ന ആളുകള്‍ക്ക് ഒരു ബാധ്യതയും ആശുപത്രി അധികൃതര്‍ ഉണ്ടാക്കാറില്ലെന്നും വ്യക്തമാക്കി

മുരുകനെ രാത്രി ഒരു മണിക്കാണ് കൊല്ലത്തെ മെഡിട്രീന ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തിക്കുന്നത്. ‍ആംബുലന്‍സില്‍ വെച്ച് തന്നെ ഡ്യൂട്ടി ഡോക്ടര്‍ ഡോക്ടര്‍ രോഗിയെ പരിശോധിച്ചിരുന്നു.  കോമാ സ്റ്റേജിലാണ് മുരുകന്‍ എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ വെന്‍റിലേറ്റര്‍ സൗകര്യം ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ മെഡിക്കല്‍ കോളേജിലെ എല്ലാ വെന്‍റിലേറ്ററുകളിലും ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികള്‍ ഉള്ളതിനാല്‍ മുരുകനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വരുകയായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി. വെന്‍റിലേറ്റര്‍ സൗകര്യം ലഭ്യമാക്കാനുള്ള കാലതാമസം മാത്രമാണെടുത്തതെന്നും യാതൊരു തരത്തിലുള്ള അനാസ്ഥയും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലായെന്നും സൂപ്രണ്ട് അറിയിച്ചു.

click me!