
തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ കേസ് റദ്ദാക്കിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാഷ്ട്രീയനേട്ടമായി. സത്യം ജയിച്ചുവെന്നായിരുന്നു കുറ്റാരോപിതനായിരുന്ന ഇ.കെ.ഭരത് ഭൂഷന്റെ പ്രതികരണം. കേസില്‍ ഉത്തരവ് പഠിച്ചശേഷം തുടര്‍നടപടിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പാറ്റൂരിലെ ഫ്‌ലാറ്റ് കെട്ടിപ്പൊക്കിയത് വന്‍ രാഷ്ട്രീയവിവാദമായിരുന്നു.
കേസില്‍ ഉമ്മന്‍ചാണ്ടി ഏറെനാള്‍ അഴിമതിയുടെ കരിനിഴലില്‍പെട്ടു. മുന്‍ ചീഫ് സെക്രട്ടറിയും പ്രതിസ്ഥാനത്തുള്ള കേസില്‍ ഉദ്യോഗസ്ഥതലത്തിലും വലിയ ചേരിപ്പോര് നടന്നു. 2008 ല്‍ വിജിലന്‍സ് പ്രാഥമിക പരിശോധനയോടെയാണ് പാറ്റൂര്‍ കേസിന്റെ ആരംഭം. ലോകായുക്തയിലും വിജിലന്‍സ് കോടതിയിലുമൊക്കെ നിയമപോരാട്ടങ്ങള്‍ നീണ്ടു. ഹൈക്കോടതി ഉത്തരവ് വലിയരാഷ്ട്രീയനേട്ടമാണെങ്കിലും തല്‍ക്കാലം പ്രതികരണത്തിനില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷനും ഒരു വിഭാഗം ഐഎഎസ് ഉഗ്യോസ്ഥരും തമ്മിലെ ശീതസമരം രൂക്ഷമാകുന്നതിനിടെയായിരുന്നു ഭൂമി ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. പ്രതിപക്ഷം പാറ്റൂര്‍ ആയുധമാക്കിയതോടെ ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് സര്‍ക്കാറും സമ്മര്‍ദ്ദത്തിലായി. ലോകായുക്ത നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ ജേക്കബ് തോമസ് ആയിരുന്നു.
ജേക്കബ് തോമസിനെയും യുഡിഎഫ് സര്‍ക്കാറിനെയും തമ്മില്‍ തെറ്റിച്ചതും പാറ്റൂര്‍ കേസാണ്. ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കുമ്പോള്‍ ജേക്കബ് തോമസ് ഇടത് സര്‍ക്കാറിനും അനഭിമതനായി. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളില്‍ ജേക്കബ് തോമസ് മൗനത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam