
മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ കിരീടം മോഹിച്ചെത്തിയ അര്‍ജന്‍റീനയുടെ പടനായകന്‍ ലിയോണല്‍ മെസി പരാജയപ്പെട്ട് തലകുനിച്ച് കണ്ണീരണിഞ്ഞ് തിരികെ നടക്കുന്ന ചിത്രം ആരാധകരുടെ ഹൃദയത്തില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. കാല്‍പന്തുകാലത്തെ മാന്ത്രികനെന്നും മിശിഹയെന്നുമൊക്കെ വിളിപ്പേരുണ്ടായിട്ടും അഞ്ച് ബാലണ്‍ ഡി ഓറിന്‍റെ തിളക്കമുണ്ടായിട്ടും ലോക കിരീടത്തില്‍ മുത്തമിടാന്‍ പോയിട്ട് ഒന്നു തൊടാന്‍ പോലും മെസിക്ക് സാധിച്ചില്ലെന്നത് ആരാധകരെയും താരങ്ങളെയും ഒരു പോലെ വേദനിപ്പിക്കുകയാണ്.
അര്‍ജന്‍റീനയുടെയും മെസിയുടെയും സ്വപ്നങ്ങളെ പ്രീ ക്വാര്‍ട്ടറില്‍ തല്ലിക്കെടുത്തിയ ഫ്രാന്‍സിന്‍റെ പോരാളികള്‍ തന്നെ ആ വേദനയില്‍ പങ്കുചേരുകയാണ്. കഴിഞ്ഞ ദിവസം ഡെംബലെ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കരുത്തോടെ നില്‍ക്കു, നിങ്ങളാണ് ഏറ്റവും മികച്ചവനെന്നാണ് ഡെംബലെ പറഞ്ഞതെങ്കില്‍ ഇപ്പോഴിതാ ഫ്രാന്‍സിന്‍റെ മിഡ് ഫീല്‍ഡ് ജനറലിന്‍റെ റോള്‍ നിര്‍വ്വഹിക്കുന്ന പോള്‍ പോഗ്ബ അതിലുമേറെ വൈകാരികമായ വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.
അര്‍ജന്‍റീന തോറ്റ് മടങ്ങുമ്പോള്‍ മെസിയെ കെട്ടിപ്പിടിച്ച് സങ്കടത്തില്‍ പങ്കുചേര്‍ന്ന പോഗ്ബയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ടിവൈസി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ മെസിയെ ഹൃദയം കൊണ്ട് ആശ്വസിപ്പിക്കുകയാണ് പോഗ്ബ. മെസിയുടെ കളിയോടുള്ള ഇഷ്ടത്തെക്കുറിച്ച വിവരിച്ച പോഗ്ബ ഇതിഹാസതാരം തന്നില്‍ വരുത്തിയ സ്വാധീനത്തെക്കുറിച്ചും തുറന്നു പറഞ്ഞു.
മെസിയാണ് ഫുട്ബോളിനെ പ്രണയിക്കാന്‍ തന്നെ പഠിപ്പിച്ചതെന്നാണ് പോഗ്ബ പറഞ്ഞുവച്ചത്. മെസിയെപ്പോലൊരു മാതൃകയുള്ളതുകൊണ്ടാണ് കഴിഞ്ഞ ദശകത്തില്‍ ഫുട്ബോളിലേക്ക് താനടക്കമുള്ളവര്‍ കടന്നുവന്നത്. ഓരോ നിമിഷവും അത്ഭുതം കാട്ടാന്‍ ശേഷിയുള്ള മെസി എന്നും മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാക്കാലത്തും മെസിയുടെ ആരാധകനായിരിക്കുമെന്നും വ്യക്തമാക്കിയാണ് പോഗ്ബ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam