
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ അഞ്ജു ബോബി ജോര്‍ജിന് യാതൊരു യോഗ്യതയുമില്ലെന്നു പി.സി. ജോര്‍ജ് എംഎല്‍എ. സ്പോര്‍ട്സ് കൗണ്‍സില്‍ അഴിമതിയുടെ കൂത്തരങ്ങാണെന്നു ജോര്‍ജ് ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സ്പോര്‍ട്സ് കൗണ്‍സിലില്‍ നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നു മുന്‍ കായികമന്ത്രി കെ.ബി. ഗേണേഷ് കുമാര്‍ ആവശ്യപ്പെട്ടു. നുണ പറഞ്ഞ് തനിക്ക് ഒന്നും നേടേണ്ടെന്നും, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവര്‍' പരിപാടിയിലായിരുന്നു പ്രതികരണങ്ങള്‍.
എന്തെങ്കിലും സ്ഥാനത്തിനു വേണ്ടിയോ സ്ഥാനത്തു തുടര്‍ന്നിരിക്കാനോ ഉള്ള ആവശ്യം തനിക്കില്ലെന്ന് അഞ്ജു വ്യക്തമാക്കി. സ്പോര്‍ട്സിനു വേണ്ടി നില്‍ക്കുന്നവരാണു തങ്ങളെപ്പോലുള്ളവര്‍. തങ്ങള്‍ക്കു പരിചയമില്ലാത്ത രീതിയില്‍ മന്ത്രി പ്രതികരിച്ചപ്പോള്‍ വിഷമമുണ്ടായി. ഒരു സ്ഥാനവും ചോദിച്ചു വാങ്ങിയിട്ടില്ല. എന്തെങ്കിലും അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ ന്യായത്തോടെ അതു നിരത്താം. ഇതിലും വലിയ പദവി താന്‍ കേന്ദ്ര മന്ത്രാലയത്തില്‍ വഹിക്കുന്നുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിനു 30 കോടി രൂപയാണു പ്രതിവര്‍ഷം ലഭിക്കുന്നത്. അതു ശമ്പളം കൊടുക്കാന്‍ പോലും തികയില്ല. ഇങ്ങനെയിരിക്കെ എന്ത് അഴിമതി കാണിക്കാനാണ്.
ഞങ്ങള്‍ക്കു രാഷ്ട്രീയം പരിചയമില്ല. സത്യമല്ലാത്ത കാര്യങ്ങള്‍ പറയാനും ചെളിവാരിയെറിയാനും പലര്‍ക്കുമാകും. തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണു കായികരംഗത്തു പ്രവര്‍ത്തിച്ചത്. മാന്യമായി കാര്യങ്ങള്‍ പറയുക. അഴിമതിയുടെ പേരില്‍ വിമര്‍ശിക്കുന്നത് മാറ്റിവയ്ക്കുന്നതു നന്നായിരിക്കും. എന്റെ സഹോദരന്‍ അജിത്തിനു സ്പോര്‍ട്സ് കൗണ്‍സില്‍ പദവി നല്‍കിയത് തന്റെ ശുപാര്‍ശയോടെയാണെന്നതു തെറ്റാണ്. താന്‍ ചുമതലയേല്‍ക്കുന്നതിനു മുന്‍പു നടന്ന നിയമനമാണ്. കേരള സ്പോര്‍ട്സ് കൗണ്‍സിലിനു നിയമനങ്ങള്‍ നടത്താന്‍ അധികാരമില്ല. സര്‍ക്കാര്‍ ഉത്തരവനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ. അതുമല്ല, താത്കാലിക പോസ്റ്റാണ്. പ്രീജാ ശ്രീധരനോടോ സജീഷിനോടോ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കാം. ദില്ലിയില്‍ ഇതിലും വലിയ പദവി താന്‍ കൈകാര്യം ചെയ്യുന്നുണ്ട്. അവിടെ അഴിമതിയാരോപണം തന്റെ പേരില്‍ വന്നിട്ടില്ല - അഞ്ജു പറയുന്നു.
തനിക്കു വിഷമമുണ്ടായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനോടു പറഞ്ഞു. അത്രയൊക്കെയോ തനിക്കു ചെയ്യാന്‍ കഴിഞ്ഞുള്ളൂ. താന്‍ പറഞ്ഞതൊക്കെ മുഖ്യമന്ത്രി കേട്ടു. ആശ്വസിപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ തനിക്കു സന്തോഷം തോന്നി. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ആക്ട് പ്രകാരമുള്ള ഉത്തരവ് അനുസരിച്ചാണു തനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ചാര്‍ജ് തരുന്നത്. മൂന്നു ഫ്ലൈറ്റ് ഫെയര്‍ എങ്കിലും അനുവദിക്കണമന്നും, ബാക്കി തന്റെ പോക്കറ്റില്‍നിന്ന് എടുക്കാമെന്ന രീതിയിലുമൊക്കെയാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞയാഴ്ചയാണു തനിക്ക് ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചത്.
എന്റെ കൂടെ സഹതാരങ്ങളുണ്ട്. ശ്രീജേഷും ടോമും പ്രീജയുമൊക്കെയുണ്ട്. എന്തൊക്കെയാണു ചെയ്യേണ്ടതെന്ന് ആലോചിക്കും. സ്ഥാനമാനത്തിനുവേണ്ടി ആരോടും ആവശ്യപ്പെട്ടില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനത്തു തുടരും. അല്ലെങ്കില്‍ പോകും. അപമാനിതയാകേണ്ടിവരില്ലെന്നു 100 ശതമാനം ഉറപ്പുണ്ട്. അന്വേഷണമുണ്ടായാല്‍ സഹകരിക്കുമെന്നും അഞ്ജു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam