ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ അസാധുവായ വോട്ട് പി.സി ജോര്‍ജ്ജിന്റേത്

By Web DeskFirst Published Jun 29, 2016, 8:06 AM IST
Highlights

തന്റെ നിക്ഷ്പക്ഷത കാത്തുസൂക്ഷിക്കാനെന്ന് പ്രഖ്യാപിച്ച് നേരത്തെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജ്ജ് വോട്ട് ചെയ്തിരുന്നില്ല. ഇന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പക്ഷേ പി.സി ജോര്‍ജ്ജ് വോട്ടുചെയ്യാനെത്തി. രഹസ്യ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പെട്ടിയില്‍ നിക്ഷേപിച്ചു.  ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന തരത്തില്‍ ഏതാനും നിമിഷം ബാലറ്റ് പെട്ടിക്ക് മുന്നില്‍ ചാനല്‍ ക്യാമറകളിലേക്ക് നോക്കി നില്‍ക്കുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരു വോട്ട് അസാധുവാണെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചു.

രഹസ്യബാലറ്റായിരുന്നതിനാല്‍ അസാധുവായ വോട്ട് ആരുടേതാണെന്ന് സാധാരാണ ഗതിയില്‍ അറിയാനാവില്ലെങ്കിലും ബാലറ്റ് പേപ്പറില്‍ ചോദ്യമെഴുതി ഒപ്പിട്ടതോടെയാണ് അസാധുവായ വോട്ട് പി.സി ജോര്‍ജ്ജിന്റേതാണെന്ന് വ്യക്തമായത്. എല്‍ഡിഎഫ് എംഎല്‍എ വി ശശിയെയാണ് ഡെപ്യൂട്ടി സ്‌പീക്കറായി തെരഞ്ഞെടുത്തത്. വി. ശശിക്ക് 90 വോട്ടുകളും യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച ഐ.സി ബാലകൃഷ്ണന് 45 വോട്ടുകളും ലഭിച്ചു.

click me!