ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം മൂലമായിരിക്കാം ഇപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതെന്ന് പറഞ്ഞ ജെ ബി കോശി, തനിക്കിതില്‍ യാതൊരു രാഷ്ട്രീയവുമില്ലെന്നും ചൂണ്ടിക്കാട്ടി

കൊച്ചി: തന്‍റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയെങ്കിലും നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ അഭിനന്ദിച്ച് ജസ്റ്റിസ് ജെ ബി കോശി. ശാസ്ത്രീയമായി പഠിച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് ആണെന്നും ക്രൈസ്തവര്‍ക്കു വേണ്ടി മാത്രമല്ല റിപ്പോര്‍ട്ടെന്നും ജെ ബി കോശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം മൂലമായിരിക്കാം ഇപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതെന്ന് പറഞ്ഞ ജെ ബി കോശി, തനിക്കിതില്‍ യാതൊരു രാഷ്ട്രീയവുമില്ലെന്നും ചൂണ്ടിക്കാട്ടി. ലത്തീന്‍ സഭ നേരിടുന്ന പ്രശ്നങ്ങളും പരിഹാരവും റിപ്പോര്‍ട്ടിലുണ്ടെന്ന് ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. മുസ്ലിങ്ങളുടെ ആനുകൂല്യങ്ങള്‍ എടുത്ത് കളയണമെന്ന് പറഞ്ഞിട്ടില്ല. അവരുടെ പകുതി എങ്കിലും ക്രൈസ്തവര്‍ക്കും കൊടുക്കണം. മലയോരത്തെയും തീരമേഖലയിലെയും പ്രശ്നങ്ങള്‍ പഠിച്ചു. കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. കൊന്നാല്‍ തിന്നാനും അനുവാദം നല്‍കണം. അതല്ലെങ്കില്‍ ഇറച്ചി മീറ്റ് കോര്‍പറേഷന് നല്‍കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച് മന്ത്രിസഭ

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭാ തീരുമാനിച്ചത് ഇന്നലെയാണ്. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭാ യോഗം നിര്‍ണായക തീരുമാനമെടുത്തത് ഇന്നലെയാണ്. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് തത്വത്തിൽ അംഗീകരിച്ചു. ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടതു പോലെ റിപ്പോര്‍ട്ട് പുറത്തുവിടാനും തീരുമാനിച്ചു. നേരത്തെ വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ചോദിച്ചെങ്കിലും നൽകിയിരുന്നില്ല. നേരത്തെ തീരുമാനമെടുത്തത് കൂടാതെ 32 ശുപാര്‍ശകള്‍ കൂടി നടപ്പാക്കാൻ തീരുമാനിച്ചു. ശുപാര്‍ശകള്‍ നടപ്പാക്കുന്നത് അവലോകനം ചെയ്യാൻ കഴിഞ്ഞ മാസം ആദ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നിരുന്നു. 220 ശുപാര്‍ശകളിൽ നടപികളായെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തെ സംവരണം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ കമ്മീഷൻ നൽകിയിരുന്നു. പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കുള്ള സംവരണം നാലിൽ നിന്ന് 6 ശതമാനമാക്കുക, സര്‍ക്കാര്‍ സര്‍വീസിലെ കുറവ് നികത്താൻ പ്രത്യേക നിയമനം, ലത്തീൻ കത്തോലിക്കരുടെയും ദളിത് ക്രൈസ്തവരുടെയും സര്‍വീസ് പ്രാതിനിധ്യം പഠിക്കാൻ സമിതി, പട്ടിക ജാതിക്കാരുടെ ആനുകൂല്യങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്കും നൽകണം തുടങ്ങിയ ശുപാര്‍ശകളാണ് കമ്മീഷൻ നൽകിയതെന്നാണ് വിവരം .

2023 മേയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നില്ലെന്ന് സഭകള്‍ വിമര്‍ശിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് കമ്മീഷൻ റിപ്പോര്‍ട്ടിലേയ്ക്ക് ഇടതു സര്‍ക്കാര്‍ വീണ്ടും കണ്ണുവച്ചത്. അതേസമയം 1947 ന് മുൻപ് ലത്തീൻ കത്തോലിക്ക വിശ്വാസികളായവര്‍ക്കും അവരുടെ പിന്‍മുറക്കാര്‍ക്കും മാത്രമേ ലത്തീൻ സമുദായ സര്‍ട്ടിഫിക്കറ്റ് നൽകാവൂയെന്ന മാനദണ്ഡം മന്ത്രിസഭ മാറ്റി. നിബന്ധന അശാസ്ത്രീയമെന്ന് വിലയിരുത്തിയാണ് തീരുമാനം. ബിഷപ്പുമാര്‍ നൽകുന്ന സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികള്‍ പരിഗണിക്കണം. വില്ലേജ് ഓഫീസര്‍മാര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാം. ബിപിഎൽ കുടുംബങ്ങളുടെ വീടുകള്‍ക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭ തീരുമാനിച്ചു.

YouTube video player