മദനിയുടെ യാത്രയ്‌ക്ക്  കേരളം സുരക്ഷയൊരുക്കണമെന്ന് പി.ഡി.പി

By Web DeskFirst Published Aug 2, 2017, 9:57 AM IST
Highlights

തിരുവനന്തപുരം: ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിച്ച പി.ഡി.പി നേതാവ് അബ്ദുല്‍ മദനിക്ക് കേരളം സുരക്ഷയൊരുക്കണമെന്ന് മദനിയുടെ കുടുംബവും പി.ഡി.പി നേതാക്കളും ആവശ്യപ്പെട്ടു. സുരക്ഷക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ ഭീമമായ തുക ഈടാക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷയൊരുക്കാന്‍ കേരളം സന്നദ്ധമാണെന്ന് അറിയിക്കണമെന്നാണ് ആവശ്യം. കര്‍ണ്ണാടക സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. മദനി കേരളത്തിലെത്താതിരിക്കാന്‍ ആസൂത്രിത നീക്കം നടക്കുനെന്ന് പി.ഡി.പി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് പി.ഡി.പി നേതാക്കള്‍ അല്‍പസമയത്തിനകം മുഖ്യമന്ത്രിയെ കാണും. ഇതിന് ശേഷം മദനിയുടെ കുടുംബവും മുഖ്യമന്ത്രിയെ കാണും .

സുരക്ഷാച്ചെലവിനത്തില്‍ കര്‍ണാടക പൊലീസ് വന്‍തുക ആവശ്യപ്പെട്ടതോടെയാണ് അബ്ദുന്നാസര്‍ മദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലായത്‍. വിമാനടിക്കറ്റ് നിരക്ക് കൂടാതെ 14,80,000 രൂപ നല്‍കണമെന്നാണ് പൊലീസിന്റെ നിലപാട്. താങ്ങാനാകാത്ത തുകയാണിതെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ പതിനാല് വരെ കേരളത്തില്‍ തങ്ങാനാണ് അബ്ദുന്നാസര്‍ മദനിക്ക് തിങ്കളാഴ്ച സുപ്രീംകോടതി അനുമതി നല്‍കിയിയത്. ഓഗസ്റ്റ് 9ന് തലശ്ശേരിയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അന്‍വാര്‍ശ്ശേരിയില്‍ മാതാവിനെ കാണാനുമായിരുന്നു അനുമതി. സുരക്ഷയ്‌ക്കായി മദനിയോടൊപ്പം പോകുന്ന ഉദ്യോഗസ്ഥരുടെ ചെലവ് വഹിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ലഭിച്ച ശേഷം ബുധനാഴ്ച യാത്ര തിരിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയ്‌ക്കാണ് സുരക്ഷാ ചെലവിനത്തില്‍ പൊലീസ് വന്‍തുക ആവശ്യപ്പെട്ടത്. 

രണ്ട് എ.സി.പിമാരടക്കം 19 ഉദ്യോഗസ്ഥര്‍ക്കാണ് ചുമതലയുണ്ടാവുകയെന്നും ഇവര്‍ക്ക് 13 ദിവസത്തേക്കുള്ള ചിലവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 14,80,000 രൂപയാണിത്. പുറമെ വിമാനടിക്കറ്റ് നിരക്കുമുണ്ട്. ഇത്രയും തുക നല്‍കി കേരളത്തില്‍ പോവുക അസാധ്യമാണെന്ന് മദനിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയുളള സുപ്രീംകോടതി ഉത്തരവില്‍ കുറഞ്ഞ തുക മാത്രമേ  ആവശ്യപ്പെടാവൂ എന്ന് രേഖപ്പെടുത്തേണ്ടതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. പരമാവധി കുറഞ്ഞതുകയേ ഈടാക്കൂ എന്ന് അഭിഭാഷകന്‍ വാക്കാല്‍ ഉറപ്പുനല്‍കിയിരുന്നെന്നാണ് മദനിയുടെ അഭിഭാഷകന്‍ പറയുന്നത്. ഇത് ലംഘിച്ചാണ് വന്‍തുക ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ കേരളത്തിലേക്ക് പോയപ്പോള്‍ രണ്ട് ഉദ്യോഗസ്ഥരുടെ ചെലവ് മാത്രമാണ് മദനി വഹിച്ചിരുന്നത്. 

click me!