വര്‍ക്കലയില്‍ ജനരോഷം പുകയുന്നു; തെരുവ് നായകളെ കൂട്ടത്തോടെ കൊന്നു

By Web DeskFirst Published Oct 27, 2016, 3:33 PM IST
Highlights

വൃദ്ധനെ ഇന്നലെ തെരുവ്നായ കടിച്ചുകൊന്ന വര്‍ക്കല മുണ്ടയില്‍ ഇന്ന് രാവിലെ മുതല്‍ നാട്ടുകാര്‍ നായകളെ കൊല്ലാന്‍ തുടങ്ങി. തെരുവ് നായ ഉന്മൂലന സംഘം നേതാവ് ജോസ് മാവേലിയും സാമൂഹിക പ്രവര്‍ത്തക ഉമാ പ്രമനും നാട്ടുകാര്‍ക്ക് പിന്തുണയുമായെത്തി. ഉച്ചയോടെ 35 തെരുവ് നായകളെ കൊന്ന ശേഷം ഇന്നലെ തെരുവ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാഘവന്റെ വീടിന് സമീപം പ്രദര്‍ശിപ്പിച്ചു. ഇത് അറിഞ്ഞെത്തിയ പൊലീസ്, ജോസ് മാവേലിയെയും സംഘത്തെയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതോടെ സംഘര്‍ഷമായി. നാട്ടുകാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് നായകളെ പിടികൂടിയതെന്നും ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും ജോസ് മാവേലിയും ഉമാ പ്രേമനും പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആറ്റിങ്ങല്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ പിന്നീട് കൂടുതല്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഇതോടെ നാട്ടുകാര്‍ ഇരുവര്‍ക്കും സംരക്ഷണവലയമൊരുക്കി. പിന്നീട് എം.എല്‍.എ പൊലീസുമായി സംസാരിച്ചാണ് അറസ്റ്റ് ഒഴിവാക്കിയത്. എന്നാല്‍ കേസ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം ഇന്നലെ തെരുവ് നായകളുടെ കടിയേറ്റ് മരിച്ച രാഘവന്റെ മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മുണ്ടയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

click me!