ചെല്ലാനത്ത് പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്.

കൊച്ചി: കൊച്ചി ചെല്ലാനത്ത് പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. ആലപ്പുഴ സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ ബാബു എന്നിവരാണ് കീഴടങ്ങിയത്. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇരുവരും കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പൊലീസ് ബൈക്കിൽ നിന്ന് വലിച്ചു താഴെ ഇടുകയായിരുന്നു എന്നും പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ഇരുവരും നേരത്തെ ആരോപിച്ചത് വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കൾ പറഞ്ഞതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

എറണാകുളം കണ്ണമാലി പൊലീസിനെതിരെയായിരുന്നു അനിൽ രാജേന്ദ്രൻ, രാഹുൽ ബാബുവും ആരോപണം ഉയർത്തിയിരുന്നത്. പരിക്കേറ്റ് കിടന്നിട്ടും പൊലിസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. പരിക്കേറ്റ പൊലീസുകാരനെ വാഹനത്തിൽ കയറ്റാൻ സഹായിച്ചെന്നും ചോരയിൽ കുളിച്ചു കിടക്കുന്ന കൂട്ടുകാരനെകൂടി ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും കൊണ്ട്പോകൂ എന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും അനിൽ പറഞ്ഞത്.

സംഭവത്തിൽ വിശദീകരണവുമായി കണ്ണമാലി പൊലീസ് രം​ഗത്തെത്തിയിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നുവെന്നായിരുന്നു പൊലീസ് വിശദീകരണം. കൈകാണിച്ചിട്ടും ബൈക്ക് നിർത്തിയില്ലെന്നും സിപിഒ ബിജുമോനെ ബൈക്കിലുള്ളവർ ഇടിച്ചിട്ടെന്നും പൊലീസ് പറഞ്ഞു. പൊലീസുകാരന് ഗുരുതര പരിക്കേൽക്കുകയും ബോധം പോവുകയും ചെയ്തു. അതുകൊണ്ടാണ് വേഗത്തിൽ പൊലീസുകാരനെ ആശുപത്രിയിൽ എത്തിച്ചതെന്നും ബൈക്ക് യാത്രികർക്ക് കാര്യമായ പരിക്കില്ലായിരുന്നുവെന്നുമായിരുന്നു വിശദീകരണം.

YouTube video player