വയനാട്ടില്‍ കുരുമുളകിന് മഞ്ഞളിപ്പ് രോഗം പടരുന്നു

Published : Jan 16, 2018, 05:07 PM ISTUpdated : Oct 05, 2018, 02:21 AM IST
വയനാട്ടില്‍ കുരുമുളകിന് മഞ്ഞളിപ്പ് രോഗം പടരുന്നു

Synopsis

വയനാട്: കറുത്ത പൊന്നിന്റെ പെരുമ വയനാടന്‍ കുന്നിറങ്ങുന്നു. കുരുമുളക് വള്ളികള്‍ക്ക് ഈ വര്‍ഷവും വ്യാപകമായി മഞ്ഞളിപ്പ് രോഗം കണ്ടതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ദ്രുതവാട്ടമെന്ന് കരുതി കര്‍ഷകര്‍ ബോര്‍ഡോ മിശ്രിതവും മറ്റുമരുന്നുകളും തളിച്ചു നോക്കിയെങ്കിലും ഇലകള്‍ക്ക് മഞ്ഞ നിറം ബാധിച്ച് മുരടിച്ച് പോകുന്നത് തുടരുകയാണ്. വേനല്‍ചൂടിന് കാഠിന്യമേറിയതോടെ വള്ളികള്‍ പെട്ടന്ന് വാടിക്കരിയുന്നുമുണ്ട്. 

പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെയും മാനന്തവാടി, പനമരം, സുല്‍ത്താന്‍ബത്തേരി, കൊഴുവണ തുടങ്ങിയിടങ്ങളിലെയും തോട്ടങ്ങളിലാണ് രോഗം ബാധിച്ചിരിക്കുന്നത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ചില വള്ളികള്‍ക്കും രോഗമുണ്ട്. പല തോട്ടങ്ങളിലും വിളവെടുപ്പിന് പാകമായ ചെടികളിലാണ് മഞ്ഞളിപ്പ് കണ്ടെത്തിയിരിക്കുന്നത്. 

കര്‍ഷകര്‍ കൃഷി ഭവനുകളില്‍ എത്തി പരാതി പറഞ്ഞെങ്കിലും ബോര്‍ഡോ മിശ്രിതം തളിക്കാനാണ് ഇവിടെ നിന്നുള്ള നിര്‍ദേശം. ചിലര്‍ കുമ്മായം കലക്കി തളിച്ച് വള്ളികള്‍ പൊതിഞ്ഞ് കെട്ടിയിട്ടുണ്ട്. ഒരിടവേളയില്‍ മെച്ചപ്പെട്ട വില ലഭിക്കാന്‍ തുടങ്ങിയതോടെ വയനാട്ടില്‍ കുരുമുളക് കൃഷി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. നഷ്ടം കാരണം മുമ്പ് ഉപേക്ഷിച്ച നിരവധി ആളുകള്‍ കുരുമുളക് കൃഷിയിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ഇതിനിടക്കാണ് വരള്‍ച്ച രൂക്ഷമായതും വള്ളികള്‍ക്ക് ദ്രുതവാട്ടമുണ്ടായതും. ഇത് ഒരു വിധം പരിഹരിച്ചപ്പോഴേക്കും മഞ്ഞളിപ്പ് രോഗവും ഇടിത്തീയായി. 

പ്രശ്‌നം സംബന്ധിച്ച് നിലവില്‍ കര്‍ഷകരില്‍ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കൃഷിവകുപ്പ് പറയുന്നത്. കാലവാസ്ഥയും മണ്ണിന്റെ തരവും ആശ്രയിച്ചാണ് മഞ്ഞളിപ്പ് രോഗം കണ്ടുവരുന്നത്. പൂര്‍ണമായും പ്രതിവധിയില്ല. എങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന പക്ഷം ഒരു പരിധി വരെ രോഗത്തെ അകറ്റി നിര്‍ത്താം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുരുമുളകുല്‍പ്പാദിപ്പിക്കുന്നത് പുല്‍പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ്. എന്നാല്‍ ഇവിടുത്തെ മണ്ണ് പെട്ടെന്ന് വരളുന്ന സ്വഭാവമുള്ളതിനാല്‍ മഞ്ഞളിപ്പ് പോലെയുള്ള രോഗങ്ങളും വരും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖുറാൻ തൊട്ട് പുതിയ ചരിത്രത്തിലേക്ക് സത്യപ്രതിജ്ഞ; അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി
കഫ് സിറപ്പ് വിൽപ്പന: കടുത്ത നിയന്ത്രണത്തിന് കേന്ദ്രം, ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കും