
ദില്ലി: ഹജ്ജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി. ഹജ്ജ് സബ്സിഡിയായി 700 കോടി രൂപ നൽകുന്നതാണ് നിർത്തലാക്കിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. പകരം ഈ പണം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ക്ഷേമത്തിന് ഉപയോഗിക്കും.
2018 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ് സബ്സിഡി, ഹജ്ജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വർഷം ഹജ്ജ് സബ്സിഡി 250 കോടിയായി കുറച്ചിരുന്നു.
സബ്സിഡി ഘട്ടം ഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് ഓടെ ഹജ്ജ് സബ്സിഡി നിർത്തണമെന്നും ആ തുക പാവപ്പെട്ട മുസ്‌ലിംകളുടെ ഉന്നമനത്തിനായി വിനിയോഗിക്കാമെന്നുമായിരുന്നു കോടതിയുടെ നിർദേശം. 1.70 ലക്ഷം തീര്‍ത്ഥാടകരെയാണ് പുതിയ തീരുമാനം ബാധിക്കുക.
ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സർക്കാർ വിമാനക്കമ്പനികൾക്കു നൽകുന്ന സബ്സിഡിയാണ് ഹജ്ജ് സബ്സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടൽ കേന്ദ്രത്തിൽനിന്നുള്ള വിമാനക്കൂലിക്കാണ് സബ്സിഡി ലഭിക്കുന്നത്. കപ്പൽയാത്രയെക്കാൾ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സർക്കാർ സഹായം എന്ന നിലയിൽ 1974ൽ ഇന്ദിരാഗാന്ധിയാണ് സബ്സിഡിക്ക് തുടക്കമിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam