
ചെന്നെ: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് പുറകേ തമിഴ്‌നാട്ടിലെ ഇ.വി.രാമസ്വാമിയുടെ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ യുവമോര്‍ച്ചാ നേതാവ് എച്ച്.ജി.സൂര്യയ്‌ക്കെതിരെ തമിഴ് സംഘടനകള്‍. പെരിയാറിന്റെ പ്രതിമ ഒന്നു തൊടാന്‍ പോലും ആരെയും അനുവദിക്കില്ല. അത്തരം ഗൂഢശ്രമങ്ങളെ സംഘടിതമായി എതിര്‍ക്കും. ഈ പ്രസ്താവന നടത്തിയ സൂര്യക്കെതിരെ ഗുണ്ട ആക്ട് പ്രകാരം കേസെടുക്കണമെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
സൂര്യയുടെ മുന്‍ഗാമികള്‍ വിചാരിച്ചാലും നടക്കാത്ത കാര്യത്തെപ്പറ്റിയാണ് അയാള്‍ ഇത്തരത്തില്‍ ആക്രോശം നടത്തുന്നതെന്നും പെരിയാറിനെ തൊട്ടാല്‍ ഞങ്ങളുടെ പ്രതികരണം വളരെ മോശമായിരിക്കുമെന്നുമായിരുന്നു തമിഴ്‌നാട്ടിലെ ദളിത് പാര്‍ട്ടി നേതാവ് തിരുമാവലന്‍ പറഞ്ഞത്.
'ത്രിപുരയില്‍ ലെനിനിന്റെ വീഴ്ച ബി.ജെ.പി വിജയകരമായി നടപ്പാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസ്വാമി പ്രതിമ വീഴുന്ന നാളിനായി കാത്തിരിക്കുന്നു' എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായെങ്കിലും തന്റെ നിലപാടുറപ്പിച്ച് സൂര്യ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. 'ഒരിക്കല്‍ കൂടെ ഉറക്കെ പറയാം, ഒരു ദിവസം തമിഴ്‌നാട്ടില്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും ബുള്‍ഡോസര്‍ വച്ച് തകര്‍ക്കും. ഈ ട്വീറ്റ് സൂക്ഷിച്ച് വച്ചോളൂ' സൂര്യ പറഞ്ഞത്. എന്നാല്‍, സൂര്യയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും അത് ബി.ജെ.പിയുടെ നയമല്ലെന്നും തമിഴ്‌നാട് ബിജെപി സംസ്ഥാന നേതാവ് തമിളാസൈ സൗന്ദര്യരാജന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam