ജെറ്റ് എയര്‍വേയ്സില്‍ ഭീഷണിക്കത്ത് വച്ചത് വൈരാഗ്യം തീര്‍ക്കാന്‍ ?

By Web DeskFirst Published Oct 30, 2017, 7:36 PM IST
Highlights

അഹമ്മദാബാദ്: ജെറ്റ് എയർവേയ്സിന്റെ മുംബൈ – ദില്ലി വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയർത്തിയ യാത്രക്കാരനെ കണ്ടെത്തി. ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന സല്ലാ ബിർജുവാണ് വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഭീഷണിക്കത്ത് വച്ചത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഇയാൾ സമ്മതിച്ചു. ഗുജറാത്ത് സ്വദേശിയായ ജ്വല്ലറി ബിസിനസുകാരനായ സല്ലാ ബിര്‍ജു ഇപ്പോള്‍ മുബൈയിലാണ് താമസം.  

മുന്‍പ് ജെറ്റ് എയര്‍വേയ്സില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു.  എയര്‍ഹോസ്റ്റ്സ് ഭീഷണിക്കത്ത് കണ്ടെത്തുന്നതിന് മുമ്പ് വിമാനത്തിലെ ശുചിമുറി ഉപയോഗിച്ചത് ഇയാളാണെന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് സല്ല ബിര്‍ജുവിനെ ചോദ്യം ചെയ്തത്. ഇയാളെ വിമാന സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇത്തരത്തില്‍ വിലക്കുന്നതിനുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യത്തെ ആളാവും സല്ല ബിര്‍ജു. 

രാവിലെ മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പോയ ജെറ്റ് എയര്‍വെയ്സ് വിമാനം സുരക്ഷാ ഭീഷണിയെത്തുടർന്ന്  ഗുജറാത്തിലെ അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലർച്ചെ 2.55ന് പറന്നുയർന്ന  9W339 വിമാനം 3.45ന് അഹമ്മദാബാദിൽ ലാന്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തെത്തിച്ച പരിശോധന നടത്തി. ഫോൺവഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. 

click me!