പെരുമാള്‍ മുരുഗനൊപ്പം മദ്രാസ് ഹൈക്കോടതി

By Web DeskFirst Published Jul 4, 2016, 10:35 PM IST
Highlights

ചെന്നൈ: ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് എഴുത്തു നി‍ർത്തിയെന്ന് പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗനും സാഹിത്യ ലോകത്തിനും ആശ്വാസമായി മദ്രാസ് ഹൈക്കോടതി വിധി. പെരുമാള്‍ മുരുഗന്‍റെ വിവാദ നോവല്‍ മാതോരുഭാഗൻ നിരോധിയ്ക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പുസ്തകം പിൻവലിച്ച് പെരുമാൾ മുരുഗൻ മാപ്പു പറയണമെന്ന നാമക്കൽ ജില്ലാ ഭരണകൂടത്തിന്‍റെ നി‍ർദേശം കോടതി തള്ളി.

തമിഴകത്ത് കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ പ്രവിശ്യകൾ ഉൾപ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമാണ് പെരുമാൾ മുരുഗൻ.  നാമക്കലിലെ തിരുച്ചെങ്കോടുള്ള അർദ്ധനാരീശ്വരക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിൽ മുരുഗൻ എഴുതിയ നോവലാണ് മാതോരുഭാഗൻ അഥവാ അർദ്ധനാരീശ്വരൻ. 2010 ൽ പുറത്തിറങ്ങിയ ഈ നോവലിനെതിരെ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹിന്ദുസംഘടനകൾ രംഗത്തെത്തുന്നത്. പ്രതിഷേധത്തെത്തുടർന്ന് നാമക്കൽ ജില്ലാ റവന്യൂ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമവായയോഗത്തിൽ ഹിന്ദു സംഘടനകളും എഴുത്തുകാരനും തമ്മിൽ ഒത്തു തീർപ്പിലെത്തി. നോവൽ വിപണിയിൽ നിന്ന് പിൻവലിയ്ക്കണമെന്നും മുരുഗൻ നിരുപാധികം മാപ്പു പറയണമെന്നുമായിരുന്നു ഒത്തുതീർപ്പിലെ ഉപാധികൾ. ഇതേത്തുടർന്നാണ് സാഹിത്യലോകത്തെ ഞെട്ടിച്ച് താൻ എഴുത്തുനിർത്തുകയാണെന്ന് പെരുമാൾ മുരുഗൻ പ്രഖ്യാപിച്ചത്.

തുടര്‍ന്ന് തമിഴ്നാട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിലെ അംഗങ്ങൾ റവന്യൂ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ ഉപാധികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഒരു വർഷം നീണ്ട വാദത്തിനൊടുവിലാണ് പുസ്തകം നിരോധിയ്ക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചത്. പെരുമാൾ മുരുഗനെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന ഹിന്ദു സംഘടനകളുടെ ഹർജിയും ഹൈക്കോടതി തള്ളി.

പുസ്തകം നിരോധിയ്ക്കുന്നതും എഴുത്തുകാരുടെ മേൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

click me!