
കാസര്‍കോട്: ഇത് കാസര്‍കോട് ജില്ലയിലെ പിലിക്കോട് ഗ്രാമം. ഇവിടെ ജാതിയില്ല. മതമില്ല, വര്‍ണ്ണ-വര്‍ഗ്ഗ വിവേചനമില്ല. എല്ലാം ഒന്നെന്ന സത്യത്തിലൂന്നി ഇവിടെ കളിയാട്ടങ്ങളുടെ പെരുംകളിയാട്ടം നടക്കുകയാണ്. ഉത്തരദേശത്തെ പൂരവും പൂരക്കളിയും തെയ്യവും നെഞ്ചേറ്റിലേറ്റുന്ന ഗ്രാമമാണ് പിലിക്കോട്. പിലിക്കോട് കണ്ണങ്കൈ തട്ടിനുമീത്തല്‍ വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെരുങ്കളിയാട്ട മഹോത്സവം നടക്കുന്നത്.
പണ്ട് പണ്ടേ ഓരോ ജാതിക്കാര്‍ക്കും അവരുടേതായ കര്‍മ്മം അഥവാ കുലത്തൊഴില്‍ എന്ന സമ്പ്രദായം പിന്‍തുടരുന്നുണ്ട്. വേങ്ങക്കോട്ട് നടക്കുന്ന പെരുംകളിയാട്ടത്തില്‍ വിശാലമായ ഒരു സമൂഹത്തെ അവരുടെ കര്‍മ്മത്തിലൂടെ ചേര്‍ത്തുനിര്‍ത്തുകയാണ്. അതില്‍ എല്ലാ ജാതിക്കാര്‍ക്കും അവരുടേതായ സ്ഥാനം നല്‍കുന്നു. ഒരാള്‍ക്കും പകരംവെക്കാന്‍ കഴിയാത്തത്രയും ഉറച്ച അവകാശം. അതുതന്നെയാണ് കളിയാട്ടക്കാലത്തിന്റെ ശക്തിയും.
പിലിക്കോട്ട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം യാദവ (മണിയാണി) സമുദായത്തിന്റെ ആരാധനാലയമാണ്. 1997-ലാണ് ഇതിന് മുമ്പ് ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം നടന്നത്. ഉത്സവത്തിന് വേണ്ട വിവിധ കര്‍മ്മങ്ങള്‍ക്കായി എല്ലാ ജാതിക്കാരും ഇവിടെ എത്തുന്നു. നിഷ്‌കര്‍ഷിച്ച കര്‍മ്മങ്ങള്‍ അങ്ങേയറ്റം സന്തോഷത്തോടെ അവര്‍ പൂര്‍ത്തിയാക്കുന്നു.
തെയ്യത്തിന്റെ മുടിയേറ്റിനുള്ള മുഹൂര്‍ത്തം കുറിക്കുന്ന വരച്ചുവയ്ക്കല്‍ ചടങ്ങ് ദിവസങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞു. പിലിക്കോട് ദയരമംഗലത്ത് ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ പ്രതിപുരുഷന്മാര്‍ അരങ്ങിലായി ദീപവും തിരിയും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് കളിയാട്ടത്തിന് തുടക്കമായത്. കലശം കുളിച്ച വാല്യക്കാരും കോയ്മയും അച്ഛന്മാരും എഴുന്നള്ളത്തിനെ അനുഗമിക്കും. കളിയാട്ടത്തിന് ആവശ്യമായ അരിയും പച്ചക്കറിയും തുടങ്ങി വിറക് വരെ എഴുന്നള്ളിച്ചാണ് വേങ്ങക്കോട്ടേക്കുള്ള യാത്ര. അതോടെയാണ് ഉത്സവത്തിന് തിരിതെളിയുന്നത്.
ബ്രാഹ്മണന്‍മാര്‍ക്ക് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് പ്രത്യേകം ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ടാവും. അവര്‍ക്ക് നല്‍കുന്ന അംഗീകാരത്തിന്റെ ഭാഗമായാണത്. ക്ഷേത്രത്തിന് ഉത്സവത്തിനാവശ്യമായ കലങ്ങള്‍ കുശവ സമുദായവും എത്തിക്കുന്നു. പുലയ സമുദായത്തിലുള്ളവര്‍ കഴകപായയും വല്ലപായയും സമര്‍പ്പിക്കുന്നു. പതിനായിരക്കണക്കിന് ഭക്തര്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണം സൂക്ഷിക്കുന്നത് വല്ലപായയിലാണ്. ദേവിക്കിരിക്കാനുള്ള പീഠവും കന്നിക്കലവറയുടെ കട്ടിലയും ഭക്തര്‍ക്ക് അന്നം വിളമ്പാനുള്ള കൈലുകളും നാലില പന്തലിന്റെ തൂണും തുടങ്ങിയവ തയ്യാറാക്കേണ്ടത് ആശാരി സമുദായത്തിന്റെ കടമയാണ്. ഉത്സവം കാണാനുള്ള ഇരിപ്പിടം വരെ ഇവര്‍ തയ്യാറാക്കുന്നു.
നാറമംഗലത്ത് നമ്പി തറവാട്ടുകാരും, പാലാട്ട് അടിയോടിമാരുമാണ് വേങ്ങക്കോട്ട് ക്ഷേത്രത്തിലെ കോയ്മ. വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി അവര്‍ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കുന്നു. വാണിയ സമുദായം കളിയാട്ടത്തിനാവശ്യമായ എണ്ണയും വെളുത്തേടത്ത് സമുദായം ക്ഷേത്രത്തിലെ അച്ഛന്മാര്‍ക്കുള്ള മാറ്റ് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. വണ്ണാന്‍മാരും മലയന്മാരുമാണ് കോലധാരികളാകാനുള്ള നിയോഗം.
കലശം തീയ്യ സമുദായത്തിന്റെ അവകാശമാണ്. വയലില്‍ക്കൊല്ലന്‍ തിരുവായുധങ്ങള്‍ കടഞ്ഞ് വൃത്തിയാക്കി നല്‍കുമ്പോള്‍ തട്ടാന്‍ സമുദായം തിരുവാഭരണങ്ങള്‍ കേടുപാടുകള്‍ തീര്‍ക്കുന്നു. പെരുങ്കളിയാട്ടത്തിലെ ഏത് ചടങ്ങുകള്‍ തീരുമാനിക്കുന്നതും പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ രാശി വയ്ക്കുന്നതും കണിശന്‍ന്മാരുടെ കര്‍മ്മമാണ്. കളിയാട്ടത്തിന്റെ ആദ്യാവസാനം വരെ അവര്‍ ക്ഷേത്രത്തില്‍ തന്നെയുണ്ടാകും. മറ്റ് സമുദായങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം പെരുങ്കളിയാട്ടത്തില്‍ നല്‍കുന്നുണ്ട്. ഇങ്ങനെ സമുദായകൂട്ടായ്മയുടെ ഒളിമങ്ങാത്ത ഏടുകൂടി വരുംതലമുറയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ് വേങ്ങക്കോട്ട് പെരുങ്കളിയാട്ടവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam